ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാര്‍ച്ച്

അഗളി: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട്  കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ദളിത്/ആദിവാസി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടി മുക്കാലിയില്‍ വിളിച്ചു ചേര്‍ത്ത ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മുക്കാലി ഫോറസ്റ്റ് ഇന്‍സ്‌പെക്്ഷന്‍ ബംഗ്ലാവിന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം ഒരു കാരണവശാലും അംഗീകരിക്കില്ല. ജുഡിഷ്യല്‍ അന്വേഷണം നടത്താതെ പ്രക്ഷോഭ പരിപാടികളില്‍ നിന്നും പിന്‍മാറില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി മുന്നറിയിപ്പ് നല്‍കി.
ദലിതനോ, ആദിവാസിയോ മൃഗീയമായി കൊലചെയ്യപ്പെട്ടാ ല്‍ ജുഡിഷ്യല്‍ അന്വേഷണമോ, സിബിഐ അന്വേഷണമോ നടത്താതെ പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കുന്ന ഇത്തരത്തിലുള്ള അന്വേഷണം ദലിത് ആദിവാസികളോടുള്ള വെല്ലുവിളിയാണ്. ആള്‍ക്കൂട്ടത്തിന്റെ മൃഗീയ മര്‍ദനത്തിന് ഇരയായ മധുവിനെ പോലിസിനെ ഏല്‍പ്പിക്കുന്നതുവരെ മരിച്ചിട്ടില്ല. പോലിസ് ജീപ്പില്‍ കയറ്റി കൊണ്ടു പോകുമ്പോഴാണ് മധു മരണമടഞ്ഞതെന്ന് വ്യക്തമാണ്. മധുവിന്റെ നെഞ്ചത്ത് ബൂട്ട്‌സിന്റെ ചവിട്ട് ഏറ്റതായി പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. മധുവിനെ പോലിസിന് കൈമാറുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ മധു മരണപ്പെട്ടത് ആരുടെ മര്‍ദനം കൊണ്ടാണ് എന്നതിനെ സംബന്ധിച്ച് വ്യക്തത  വരുത്തുന്നതിന് ജുഡിഷ്യല്‍ അന്വേഷണത്തിന് മാത്രമേ കഴിയൂ എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശശിധരന്‍, ദലിത്/ ആദിവാസി നേതാക്കളായ വി ടി സുരേന്ദ്രന്‍, അജിത്ത് മാട്ടൂല്‍, കെ അനില്‍കുമാര്‍, അജയഘോഷ്, കൃഷ്ണകൂമാര്‍, മണി അഴിക്കോട്, മുകേഷ്, കേളപ്പന്‍ മാക്കൂല്‍, ഐക്കര ഉണ്ണികൃഷ്ണന്‍, മുരുകേശന്‍, സുരേന്ദ്രന്‍, ശൈലേഷ്, ഇരുമ്പനങ്ങാട് ബാബു പങ്കെടുത്തു.

RELATED STORIES

Share it
Top