ജുഡീഷ്യറിയിലെ പ്രശ്‌നങ്ങള്‍ അവതരണത്തില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു: ജ. കുര്യന്‍ ജോസഫ്‌

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ജുഡീഷ്യറിയെക്കുറിച്ച് തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനാധിപത്യ സംരക്ഷണത്തിനായി ഇത്രയും മഹത്തായ ഒരു കാര്യം ചെയ്തിട്ട് അത് മുന്നോട്ടുകൊണ്ടുപോവാനും പരിഹാരം കണ്ടെത്താനും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും സാധിച്ചില്ല. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മറ്റു വേദികള്‍ക്കും സാധിച്ചില്ലെന്നും ഡല്‍ഹിയില്‍ പഠനയാത്രയ്ക്ക് എത്തിയ മാധ്യമ വിദ്യാര്‍ഥികളുമായി സംവദിക്കവെ അദ്ദേഹം വ്യക്തമാക്കി.
മാധ്യമ വിദ്യാര്‍ഥികള്‍ ഒരു വിഷയം കൈകാര്യം ചെയ്യുകയാണെങ്കില്‍ അതിനെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ചേ പിന്‍മാറാവൂ. ഒരു കോളിളക്കം സൃഷ്ടിച്ച് പിന്നീട് വിട്ടുകളയുന്ന രീതി ഉപേക്ഷിക്കണം. കോളിളക്കത്തിന്റെ തിര കരയ്ക്കു ചെല്ലുന്നുണ്ടോ എന്ന നോട്ടം ഇപ്പോഴത്തെ പത്രപ്രവര്‍ത്തനത്തിനില്ല. ഇതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ഞങ്ങളുടെ ത്യാഗപൂര്‍ണമായ നടപടി അതിന്റെ ലോജിക്കല്‍ കണ്‍ക്ലൂഷനിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചില്ല എന്നത്.
യാതൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എടുത്തുചാട്ടമാണെന്ന് അറിയാമായിരുന്നു. പക്ഷേ, വേറെ വഴിയില്ലായിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നന്നായി അറിയാമായിരുന്നു. ജുഡീഷ്യറിയും മാധ്യമങ്ങളും ജാഗ്രതയോടെ കാവല്‍ നിന്നാലേ ജനാധിപത്യം സംശുദ്ധമായി നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കാവല്‍നായ കുരച്ചിട്ടും യജമാനന്‍ ഉണരുന്നില്ലെന്നു കണ്ടപ്പോഴാണ് കടിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ജനുവരി 12ലെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഒരിക്കലും ഒരു കാവല്‍നായ കടിക്കില്ല, കുരക്കുകയേയുള്ളൂ. യജമാനന്റെ ശ്രദ്ധ ഉണര്‍ത്താനാണ് കുരയ്ക്കുന്നത്. എന്നാല്‍, യജമാനന്‍ ഉണരുന്നില്ലെങ്കില്‍ പിന്നെ കാവല്‍നായക്ക് കടിക്കുകയേ നിര്‍വാഹമുള്ളൂ. മാധ്യമങ്ങള്‍ക്ക് ലക്ഷ്മണരേഖയില്ല. എന്നാല്‍, ജുഡീഷ്യറിക്ക് ഭരണഘടനാപരമായ ലക്ഷ്മണരേഖയുണ്ട്. സിറ്റിങ് ജഡ്ജിമാര്‍ക്ക് പ്രസ് ഇന്റര്‍വ്യൂ നടത്താന്‍ പാടില്ല. പ്രസ് കോണ്‍ഫറന്‍സും പ്രസ് ഇന്റര്‍വ്യൂവും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top