ജീവിത തിരശ്ശീല സ്വയം വലിച്ചുതാഴ്ത്തി ജിനേഷ് മടപ്പള്ളി

പി സി അബ്ദുല്ല
വടകര: ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ എന്നതടക്കം ശ്രദ്ധേയമായ നിരവധി കവിതകളെഴുതിയ ജിനേഷ് മടപ്പള്ളി(34)യെ വീടിനടുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ ജിനേഷ് ഒഞ്ചിയം ഗവ. യുപി സ്‌കൂള്‍ ജീവനക്കാരനായിരുന്നു.
മുറുവശ്ശേരി അവാര്‍ഡ്, വെളിച്ചം കവിതാ പുരസ്‌കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടി. കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, ഇടങ്ങള്‍, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. നിരവധി കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
നാദാപുരം റോഡ് കെ ടി ബസാറില്‍ പാണക്കുളം കുനിയില്‍ പരേതരായ സുകൂട്ടി-പത്മിനി ദമ്പതികളുടെ മകനാണ്. ഏക സഹോദരി: ജസില. കഴിഞ്ഞമാസം 16ന് മാതാവ് പത്മിനി മരണപ്പെട്ടതുമുല്‍ ജിനേഷ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ആത്മഹത്യയെ ആവിഷ്‌കാരങ്ങളിലൂടെ  ന്യായീകരിക്കുകയും മരണത്തിന്റെ വഴിയില്‍ മാറിനിന്ന് ജീവിതത്തെ നിരന്തരം ആഖ്യാനിക്കുകയും ചെയ്തിരുന്നു ജിനേഷ്. ഒടുവില്‍, ഇടപ്പള്ളി, രാജലക്ഷ്മി, ഗുഹന്‍, സുബ്രഹ്മണ്യദാസ്, ഷെല്‍വി, നന്ദിത തുടങ്ങിയ മുന്‍ഗാമികളുടെ വഴിയില്‍ ജിനേഷ് ജീവിതത്തിന് സ്വയം വിരാമം കുറിക്കുകയും ചെയ്തു. വരികളില്‍ പ്രണയവും മരണവും ഒളിപ്പിച്ച കവിയായിരുന്നു ജിനേഷ്. ഏതാണ്ടെല്ലാ കവിതകളിലും മരണത്തിന്റെ ഭാവ തലങ്ങള്‍ കോറിയിട്ടു. അതിഭാവുകത്വമില്ലാത്ത ആവിഷ്‌കാരങ്ങള്‍. മരണത്തെയും പ്രണയത്തെയും ആ വരികളില്‍ കാല്‍പനികമായി സമന്വയിപ്പിച്ചു. എഴുത്തിനെ മരണത്തോളം തന്നെ ഇഷ്ടപ്പെട്ട ജിനേഷ് നാല് സമാഹാരങ്ങളിലായി നൂറുകണക്കിന് കവിതകളെഴുതി.
''ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ തന്നിലേക്കും മരണത്തിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു വഴിയുണ്ടെന്ന'' സ്വന്തം വരികള്‍ അന്വര്‍ഥമാക്കുന്നതായിരുന്നു ജിനേഷിന്റെ വിഷാദവും മൗനവുമൊക്കെയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഒരുപക്ഷേ, ആ വഴിയിലൂടെ തന്നെയാവും കവിയും സഞ്ചരിച്ചിട്ടുണ്ടാവുക.

RELATED STORIES

Share it
Top