ജീവിതത്തില്‍ സ്്‌നേഹ ശില്‍പങ്ങള്‍ തീര്‍ത്ത് പൊറ്റശ്ശേരി മാഷ് മടങ്ങി

ശ്രീകുമാര്‍ നിയതി
കോഴിക്കോട്: മുഹമ്മദ് അബ്്ദുറഹ്്മാന്‍ സാഹിബിന്റെ ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഒപ്പമുണ്ടായിരുന്ന കോപ്പുണ്ണി മാസ്റ്ററെന്ന രാജ്യസ്്‌നേഹിയുടെ മകന്‍  സഹാനുഭൂതിയുടേയും സഹകരണത്തിന്റേയും സ്വരഐക്യത്തിലൂടെയാവണം എന്ന് സ്വപ്്‌നം കണ്ടു നടന്നാല്‍ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. അതിന്റെ പ്രതിഫലനങ്ങള്‍ ആ കലാകാരന്റെ ശില്‍പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും നാം കണ്ടു.
ഇന്നലെ അന്തരിച്ച ചിത്രകാരന്‍ ആര്‍ കെ പൊറ്റശ്ശേരി എന്ന രാധാകൃഷ്ണന്‍ പൊറ്റശ്ശേരിയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അങ്ങിനെയൊക്കെയായിരുന്നു. കലാപങ്ങളുടെ കനലുകള്‍ കണ്ടാല്‍ വേദനിച്ചു. ഒരു അധ്യാപകന്‍ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനപദവിക്ക് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി.
ജെഡിറ്റി എന്ന സ്ഥാപനത്തിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം അവരിലൊരാളായി പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായി അര്‍ബുദരോഗ പീഡിതനായി കഴിയുമ്പോഴും സമാധാനത്തിന്റേയും സൗഹാര്‍ദത്തിന്റേയും കൈകോര്‍ക്കാന്‍ ആര്‍ കെ ഉണ്ടാവും. കാന്‍സര്‍ രോഗ ചികില്‍സക്കായി തിരുവനന്തപുരത്തെ ആര്‍സിസി യില്‍ പോകുന്ന ഒരാളുടെ മാനസിക നില എന്തായിരിക്കുമെന്ന് ഓര്‍ക്കാനാവില്ല.  ഗ്രാനൈറ്റില്‍ പതിക്കുന്ന ചിത്രങ്ങള്‍ വെളുത്തവയും അവയുടെ പശ്ചാത്തലം കറുപ്പുമായി വരുന്ന ഗ്രാനൈറ്റ് ചിത്രങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ച് വിജയിച്ചവരില്‍ ആര്‍ കെ ആയിരിക്കും മുന്നില്‍.
2006 ല്‍ കേരള ലളിതകലാ അക്കാദമിയുടെ ശില്‍പത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് വിധേയന്‍എന്ന ശില്‍പമായിരുന്നു. വിദ്യാലയ കലോല്‍സവങ്ങളിലെ മുഖ്യ സംഘാടകരില്‍ പൊറ്റശ്ശേരിയുടെ നിസ്സീമമായ പ്രവര്‍ത്തനം ഏറെ അഭിനന്ദനീയമായിരുന്നു. മണാശേരിയിലെ ഒരു ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥാപിച്ച ഗരുഡ പ്രതിമയുടെ വലുപ്പം മറ്റെവിടെയും കാണില്ല. സിനിമാലോകത്തേക്കും ആര്‍ കെ സഞ്ചരിച്ചു. എ ടി അബുവിന്റെ രണ്ട് ചിത്രങ്ങളുമായി കലാരംഗത്ത് പ്രവര്‍ത്തിച്ചു. സ്വന്തമായി ഒരു ഡോക്യുഫിക്്ഷനും പുറത്തിറക്കി.
ഗ്രേയിസ് പാലിയേറ്റീവിനുവേണ്ടി സാമപര്‍വ എന്നായിരുന്നു അതിന്റെ പേര്. കഥ പറയുന്ന മുക്കത്തിന്റെ തിരക്കഥ കുറിച്ചു.  മകന്റെ അപകട മരണം കഴിഞ്ഞതോടെയായിരുന്നു ആര്‍ കെ പൊതു ജീവിതത്തി ല്‍ നിന്നും ഒഴിഞ്ഞു മാറാന്‍ തുടങ്ങുന്നത്. ഭാര്യ: ജനനി, മകള്‍: ആരതി ഇവരുടെ സ്്‌നേഹത്തിന്റെ തണുപ്പില്‍ പ്രതിസന്ധികളില്‍ ഒരു നിമിഷം പോലും ആ ഗൃഹനാഥന് തളര്‍ച്ചയുണ്ടായില്ല. ആര്‍ കെ പൊറ്റശ്ശേരിയെന്ന മാതൃകാ അധ്യാപകന്റെ ഓര്‍മ്മ എന്നെന്നും നിലനില്‍ക്കും. ആ ഓര്‍മ്മകള്‍ക്ക് മരണമുണ്ടാകില്ല.

RELATED STORIES

Share it
Top