ജീവിതത്തിലും കേസിലും ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും വഴിപിരിയുന്നു

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ മീഡിയാ സെലിബ്രിറ്റി ദമ്പതികള്‍ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും വഴിപിരിയുന്നു. സപ്തംബര്‍ 18നു മുംബൈയിലെ ബാന്ദ്രാകുലാ കോടതിയില്‍ വിവാഹമോചന ഹരജി സമര്‍പ്പിച്ച ഇരുവരും ഒരേ കേസിലെ പ്രതികളാണെങ്കിലും വ്യത്യസ്ത അഭിഭാഷകരെയാണു നിയമിച്ചിരിക്കുന്നത്.
കേസിലുണ്ടായ ഈ സംഭവവികാസങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണുകയാണു പ്രോസിക്യൂഷന്‍. 2015 ആഗസ്തിലാണ് ഇന്ദ്രാണിയുടെ രഹസ്യമകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും അറസ്റ്റിലാവുന്നത്. തന്നെ പീറ്റര്‍ വിവാഹമോചനം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് തനിക്കു ഞെട്ടലുണ്ടാക്കുമെന്നും നവംബറില്‍ ഇന്ദ്രാണി പറഞ്ഞു. എന്നാല്‍ 2017 ജനുവരിയില്‍ തനിക്ക് വിവാഹമോചനം വേണമെന്ന് 46കാരിയായ ഇന്ദ്രാണി തന്നെ കോടതിയെ അറിയിച്ചു.
ഒരേ കേസില്‍ ജയിലിലായിരിക്കെ വിവാഹമോചനത്തിന് ശ്രമിക്കുന്ന അപൂര്‍വം കേസുകളിലൊന്നാണിത്. നിലവില്‍ ബൈക്കുള്ള ജില്ലാ ജയിലിലാണ് ഇന്ദ്രാണിയെ പാര്‍പ്പിച്ചിരിക്കുന്നത്. പീറ്ററുള്ളത് ആര്‍തര്‍ റോഡ് ജയിലിലും. ഇരുവരും കത്തിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. വിവാഹമോചന അപേക്ഷയോടൊപ്പം വയ്ക്കാന്‍ തന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സംഘടിപ്പിച്ച് തരണമെന്നാവശ്യപ്പെട്ട് ഇന്ദ്രാണി ഒരു തവണ പീറ്ററിനു കത്തെഴുതുകയും ചെയ്തു. അഞ്ചു മാസത്തിനുള്ളില്‍ വിവാഹമോചനം സംബന്ധിച്ച് ഇരുവരും ധാരണയിലെത്തുകയായിരുന്നു. വിവാഹ അപേക്ഷയോടൊപ്പം ഇരുവരുടെയും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഹാജരാക്കിയിട്ടില്ല. ജയിലിലായതിനാല്‍ അത് സംഘടിപ്പിക്കാന്‍ പ്രയാസമാണെന്നു കോടതിയെ ഇരുവരും അറിയിച്ചിട്ടുണ്ട്. കേസ് കോടതി മാര്‍ച്ച് 25ലേക്കു മാറ്റിവച്ചിരിക്കുകയാണ്. ആ കാലയളവിനുള്ളില്‍ ക്രിമിനല്‍ക്കേസിലെ വിചാരണ മുന്നോട്ടുപോവും.
മുംബൈ സിവില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രതികളായ ഇന്ദ്രാണി, പീറ്റര്‍, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ഒന്നിച്ചാണ് ഇരിക്കാറുള്ളത്. രണ്ടു ജയിലിലാണെങ്കിലും മൂവരും ഒരു പോലിസ് വാനില്‍ കോടതിയിലെത്തുകയും തിരിച്ചുപോവുകയും ചെയ്യും. അതോടൊപ്പം വാഹനത്തില്‍ ഭക്ഷണം പങ്കിട്ട് കഴിക്കും.
കോടതിയിലും ജയിലിലും പീറ്ററിന് നിരവധി സന്ദര്‍ശകരുണ്ടെങ്കിലും ഇന്ദ്രാണിയെ കാണാനെത്തുന്നത് അവരുടെ പഴയ ജോലിക്കാരന്‍ കൂടിയായ അഭിഭാഷകന്‍ മാത്രമാണ്.

RELATED STORIES

Share it
Top