ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍കഴിയാതെ ആശാവര്‍ക്കര്‍മാര്‍

ഹരിപ്പാട്: തുഛമായ വേതനം മാത്രം കൈപ്പറ്റി ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ ദുരിതത്തില്‍.  ദിവസം നാലു മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നുദിവസം ജോലിചെയ്താല്‍ മതിയെന്ന വ്യവസ്ഥയില്‍ ജോലിക്കു കയറിയ ആശാവര്‍ക്കര്‍മാരെ തുഛമായ വേതനം മാത്രം നല്‍കി അധിക ജോലിയെടുപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.
എല്ലാ ദിവസവും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ജോലിയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ആഴ്ചയിലെ എല്ലാദിവസവും ജോലിനോക്കേണ്ട ഗതികേടിലുമാണ് ഇക്കൂട്ടര്‍. ആരോഗ്യ വകുപ്പിന്റെ സര്‍വേ അടക്കം ആഴ്ചയിലെ എല്ലാ ദിവസവും തീരാത്തത്ര ജോലിയാണ് ആശാവര്‍ക്കര്‍മാര്‍ ചെയ്തു തീര്‍ക്കേണ്ടത്. പാലിയേറ്റീവ് കെയര്‍, ക്ലോറിനേഷന്‍, സാനിറ്റേഷന്‍, ന്യൂട്രേഷന്‍ തുടങ്ങി എല്ലാ ഉത്തരവാദിത്വങ്ങളും  നിര്‍വഹിക്കേണ്ടത് ഇവര്‍ തന്നെയാണ്. കൂടാതെ പകര്‍ച്ച വ്യാധി ജീവിതശൈലി രോഗമുള്ളവരെ സംരക്ഷിക്കേണ്ടതും ആശാവര്‍ക്കറന്‍മാരുടെ ചുമതലയാണ്.
2000രൂപയാണ് പ്രതിമാസം ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. 7500രൂപ ഓണറേറിയമായി നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് 15000രൂപയാക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. തൊഴിലുറപ്പിന് ദിനേന 262 രൂപയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. അതുപോലെ മറ്റ് മേഖലയിലെ തൊഴിലിന് പുരുഷതൊഴിലാളിക്ക് 700-800രൂപയും, സ്ത്രീ തൊഴിലാളിക്ക് 400-500രൂപയുമാണ് കൂലിയായി ലഭിക്കുന്നത്. 2016ല്‍ ഓണറേറിയം 1000രൂപയില്‍ നിന്ന് 1500രൂപയാക്കി. പിന്നീട് 2000 രൂപയും. ഉദ്യോഗസ്ഥ മേധാവിത്വംമൂലം ബുദ്ധിമുട്ടുകളുടെ നടുവില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് ആശാവര്‍ക്കര്‍മാര്‍.
ഓണറേറിയം നല്‍കുന്നതു തന്നെ ഉപാധികളോടെയാണെന്നും ഇന്‍സെന്റീവ് നിഷേധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. എന്‍എച്ച്എം സംവിധാനം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. 30000 ആശാവര്‍ക്കര്‍മാര്‍ കേരളത്തിലുണ്ട്. സേവനം നല്‍കാന്‍ പരിശീലനം ലഭിച്ച സാമൂഹ്യാരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ നാടിനേയും നാട്ടാരേയും സേവിച്ച് ജീവിതം ദുരിതത്തിലായിരിക്കുകയാണ്.
ആശാവര്‍ക്കര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. ഇക്കൂട്ടരുടെ സേവനം ലഭ്യമാക്കുന്നതിനും, സംരക്ഷിക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

RELATED STORIES

Share it
Top