ജീവിതം തിരിച്ചുപിടിച്ച് ആസിയ

കളമശ്ശേരി: ആസിയ മെഹറി ന്‍ എന്ന കുഞ്ഞു ആസിയക്കു പറയാനുള്ളത് ജീവിതം തിരിച്ചുപിടിച്ച കഥയാണ്്. കേരളത്തിന്റെ വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ അവിശ്വസനീയവും വിസ്മയകരവുമായ കഥ. 550 ഗ്രാം തൂക്കവുമായി ആറാംമാസം ജനനം. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സകള്‍. ആറുമാസത്തോളം നീണ്ട ആശുപത്രിവാസം. രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കണ്ണിമചിമ്മാതെയുള്ള പരിചരണം. ശേഷം മാതാപിതാക്കളുടെ സ്‌നേഹവാല്‍സല്യങ്ങളിലേക്കു മടക്കം. ഇപ്പോള്‍ ചികില്‍സിച്ച ഡോക്ടര്‍മാരുമൊന്നിച്ച് ഒന്നാംപിറന്നാള്‍ ആഘോഷം.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജും സ്വകാര്യ ആശുപത്രിയും ഒരു കുരുന്നു ജീവനു വേണ്ടി കൈകോര്‍ത്തപ്പോള്‍ അതു വൈദ്യശാസ്ത്രമേഖലയിലെ പുതിയ ചരിത്രമായി. അടിമാലി സ്വദേശികളായ മുഹമ്മദിന്റെയും ഫൗസിയയുടെയും മൂന്നാമത്തെ കുട്ടിയാണ് ആസിയ. തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആറാംമാസമായിരുന്നു ആസിയയുടെ ജനനം. കുട്ടി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും രണ്ട് ആണ്‍മക്കള്‍ക്കു ശേഷം കാത്തിരുന്നു ലഭിച്ച കണ്‍മണിയെ കൈവിട്ടുകളയാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നവജാതശിശുരോഗ വിദഗ്ധന്‍ ഡോ. പീറ്റര്‍ വാഴയിലിനെ ബന്ധപ്പെട്ട് തീവ്രപരിചരണസൗകര്യമുള്ള ആംബുലന്‍സില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയെ കളമശ്ശേരിയിലെത്തിച്ചു. ഒരാഴ്ചക്കാലത്തെ ചികില്‍സയ്ക്കുശേഷവും ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമായി തുടര്‍ന്നതു മൂലം ഡോ. പീറ്റര്‍, ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. തോമസ് മാത്യുവിനെ ബന്ധപ്പെടുകയും കുട്ടിയെ ലിസി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഹൃദയത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമാണ് ഇത്രയും തൂക്കം കുറഞ്ഞ കുട്ടിയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്നത്.
ഡ്രൈവറായ മുഹമ്മദിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് പൂര്‍ണമായും സൗജന്യമായിരുന്നു ഹൃദയശസ്ത്രക്രിയ. ഒരുമാസത്തിലേറെക്കാലം വെന്റിലേറ്ററിന്റെ സഹായത്താലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഇപ്പോള്‍ കുട്ടിക്ക് അഞ്ചുകിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുണ്ട്. അവയവങ്ങളെല്ലാം സാധാരണ നിലയിലാണു പ്രവര്‍ത്തിക്കുന്നത്. കുട്ടിയുടെ പിറന്നാളാഘോഷത്തിന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഡോ. പീറ്ററിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

RELATED STORIES

Share it
Top