ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹഌദത്തില്‍ രഞ്ജിത്തും ചിത്തിരനും

അമ്പലപ്പുഴ: കടലില്‍ നിന്ന് ജീവനോടെ തിരികെയെത്തിയതിന്റെ ആഹ്ഌദത്തിലാണ് രഞ്ജിത്തും ചിത്തിരനും. ഓഖി വിതച്ച ദുരന്തത്തില്‍ നിന്ന് മരണത്തെ മുഖാമുഖം കണ്ടതിനു ശേഷമാണ് അയല്‍വാസികളായ ഈ മല്‍സ്യത്തൊഴിലാളികള്‍ കുടുംബങ്ങളിലെത്തിയത്.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17ാം വാര്‍ഡ് നീര്‍ക്കുന്നം തെക്കോലിശേരില്‍ രഞ്ജിത്ത് (35), അയല്‍വാസിയായ വെളിമ്പറമ്പ് ചിത്തിരന്‍ (64) എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് മല്‍സ്യബന്ധനത്തിന് പുറപ്പെട്ടത്. രഞ്ജിത്ത് 26നും ചിത്തിരന്‍ 22നുമാണ് രണ്ട് ബോട്ടുകളിലായി മറ്റ് തൊഴിലാളികള്‍ക്കൊപ്പം മല്‍സ്യബന്ധനത്തിനായി പുറപ്പെടുന്നത്. കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെയാണ് ഓഖിദുരന്തം എത്തിയത്. തിരമാല ബോട്ടിന്റെ ഉയരത്തേക്കാള്‍ ആഞ്ഞടിച്ചപ്പോള്‍ ഇവര്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു.15 ദിവസത്തേക്കുള്ള ഭക്ഷണം കരുതിയിരുന്നു. വല നിറയെ ചൂര ഉള്‍പ്പെടെയുള്ള മീനും ലഭിച്ചു. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായതോടെ ബോട്ടിന് ലക്ഷ്യം തെറ്റി. പിന്നീട് വെളിച്ചം കണ്ട ഭാഗത്തേക്ക് ബോട്ട് ഓടിച്ചു.രഞ്ജിത്ത് പോയ ബോട്ട് ലക്ഷദ്്വീപിലെ കല്‍പ്പിനി ദ്വീപിലാണ് എത്തിച്ചേര്‍ന്നത്. ഇവിടെ എത്തിയപ്പോള്‍ 10 ഓളം ബോട്ടുകളും മല്‍സ്യതൊഴിലാളികളും ദിശതെറ്റി എത്തിയിരുന്നു. പിന്നീട് ഇവര്‍ തൊട്ടടുത്ത സ്‌കൂളിലാണ് കഴിഞ്ഞത്. ഇതിനിടയില്‍ പുറം ലോകവുമായി ബന്ധപ്പെടാനും യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ചിത്തിരന്റെ ബോട്ട് ലക്ഷദ്വീപിലെ ആന്ത്രോത്തിലാണ് എത്തിയത്. മലയാളികളും കുളച്ചല്‍ സ്വദേശികളുമടക്കം നിരവധി പേരാണ് കടലില്‍ ദിവസങ്ങളോളം കുടിങ്ങിയത്.പിന്നീട് കടല്‍ ശാന്തമായതോടെയാണ് 15 ദിവസത്തെ ദുരിതത്തിനു ശേഷം ഇരുവരും കൊച്ചിയില്‍ എത്തിയത്. ഇതിനിടയില്‍ ജില്ല കലക്ടര്‍, എസ്പി എന്നിവരും തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

RELATED STORIES

Share it
Top