ജീവന് ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് വേലപ്പന്‍

പെരുമ്പാവുര്‍: മരം ഒരു വരമാണെന്നാണ് ചൊല്ല്, എന്നാല്‍ വേലപ്പനും വനജയ്ക്കും മരം ഒരു പൊല്ലാപ്പായി മാറിയിരിക്കുകയാണ്. വനാതിര്‍ത്തി പങ്കിടുന്ന വേങ്ങൂര്‍ വില്ലേജിലെ മേയ്ക്കപ്പാലയിലെ ഇവരുടെ വീടിന് സമീപത്തുളള പല മരങ്ങളും ജീവന് പോലും ഭീഷണി ഉയര്‍ത്തി മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.
തന്റെ പറമ്പില്‍ തന്നെയുള്ള മരങ്ങള്‍ക്ക് വേണ്ടി ഫോറസ്റ്റ് അധികൃതര്‍ അവകാശവാദമുന്നയിച്ചതോടെ നാളുകളായി ഇവിടുത്തെ മരങ്ങളെല്ലാം തര്‍ക്കവിഷയത്തിലുള്ളതാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ വീടിനടുത്ത് നിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് അയല്‍വാസിയുടെ വീടിന് മുകളില്‍ പതിച്ചതോടെയാണ് മരാവകാശത്തര്‍ക്കം ഉടലെടുത്തത്. ഒടുവില്‍ വാര്‍ഡുമെംബറും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് മധ്യസ്ഥത വഹിച്ച് വേലപ്പന്റെ പക്കല്‍ നിന്നും അയ്യായിരം രൂപ വാങ്ങി അയല്‍വാസിക്ക് നല്‍കിയാണ് പ്രശ്‌നം അവസാനിച്ചത്. ഇതേത്തുടര്‍ന്ന് വീടിന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന് വേണ്ടി മാസങ്ങളായി വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് വേലപ്പനും കുടുംബവും. അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടത്തെ കാറ്റില്‍ വേലപ്പന്റെ പുരയിടത്തിലേക്ക് സമീപത്തുനിന്ന തേക്ക് മരം ഒടിഞ്ഞുവീണു. എന്നാല്‍ ഒടിഞ്ഞുവീണ തേക്ക് മരം വെട്ടിമാറ്റാന്‍ കഴിയാത്ത അവസ്ഥയായിരുന്നു വേലപ്പനും കുടുംബവും.
ഫോറസ്റ്റ് അധികാരികളുടെ മരത്തെചൊല്ലിയുള്ള അവകാശതര്‍ക്കവും പിടിവാശിയുമാണ് ഇതിനുകാരണമെന്ന് വേലപ്പന്‍ പറയുന്നു.
എന്നാല്‍ തേക്ക് മരം വേലപ്പന്റെ അതിര്‍ത്തിയില്‍പെട്ടതാണെന്ന് തെളിയിക്കാനുള്ള സ്‌കെച്ച് ഹാജരാക്കണം എന്നായിരുന്നു മേക്കപ്പാല ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചറുടെ ആവശ്യം. ഇതിനായി വില്ലേജില്‍നിന്നും സ്ഥലത്തിന്റെ സ്‌കെച്ച് അവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
എന്നാല്‍ അപകടം ഉയര്‍ത്തി നിന്ന മരം വെട്ടിമാറ്റാന്‍ അനുവദിക്കാത്തത് ഫോറസ്റ്റ് റെയ്ഞ്ചറും വില്ലേജ് ഓഫിസറും തമ്മിലുള്ള ഒത്തുകളിമൂലമാണെന്ന് വേലപ്പന്‍ ആരോപിക്കുന്നു. സമീപ പ്രദേശങ്ങളിലെ ഫോറസ്റ്റ് അതിര്‍ത്തിയില്‍പെട്ട മരങ്ങള്‍പോലും വെട്ടിമാറ്റാന്‍ ഇവര്‍ പലര്‍ക്കും കൂട്ടുനില്‍ക്കുന്നതായാണ് വേലപ്പന്‍ പറയുന്നു.
എന്നാല്‍ മരം വീഴുന്നതിനുമുമ്പേ മുറിച്ചുമാറ്റുന്നതില്‍ ഫോറസ്റ്റ് റെയ്ഞ്ചറും വില്ലേജ് ഓഫിസറും അകാരണമായി തടസ്സം നിന്നതായും അനധികൃതമായി മരങ്ങള്‍ മുറിക്കാന്‍ കൂട്ടുനില്‍ക്കുന്നതായും കാണിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും വേലപ്പന്‍ പരാതി നല്‍കി അനുകൂല നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.

RELATED STORIES

Share it
Top