ജീവന്‍ പണയംവച്ചും ഔദ്യോഗിക സേവനം: കെഎസ്ഇബി ജീവനക്കാര്‍ക്കു നാടിന്റെ ആദരം

നരിക്കുനി: വൈദ്യുതി മുടങ്ങിയാല്‍ ആദ്യം കെഎസ്ഇബിയില്‍ വിളിച്ച് പരാതി ചൊരിയുന്ന നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ആദ്യമായി ഓഫിസില്‍ വിളിച്ച് ജീവനക്കാരെ അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടായത്. ഇതോടെ മടവൂര്‍ സബ് സ്‌റ്റേഷന് കീഴില്‍ വരുന്ന ആറ് 11 കെവി ഫീഡറുകളും തകരാറിലായിരുന്നു.ഇത് പുനസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന കണക്ക് കൂട്ടലിലായിരുന്നു നാട്ടുകാര്‍.
എന്നാല്‍ നരിക്കുനി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി വി വര്‍ഗ്ഗീസ്, സബ്ബ് എഞ്ചിനീയര്‍മാരായ കെ കെ സലീം, എ ആദിത്യന്‍,സി ജുബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഓവര്‍സിയര്‍മാര്‍,ലൈന്‍മാന്‍മാര്‍,വര്‍ക്കര്‍മാര്‍ ,കരാര്‍ തൊഴിലാളികള്‍ ഒന്നിച്ച് രാപ്പകലില്ലാതെ ജീവന്‍ പണയം വെച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പ്രവൃത്തികള്‍ ഏറ്റെടുത്ത് ഊണും ഉറക്കവുമില്ലാതെ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് 3 ദിവസംകൊണ്ട് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുന സ്ഥാപിച്ചതാണ് നാട്ടുകാരുടെ അഭിനന്ദന പ്രവാഹത്തിന് കാരണം. ആദ്യ ദിവസം കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ മടവൂര്‍ പഞ്ചായത്തിലെ ചോലക്കര താഴം,കൊട്ടക്കാ വയല്‍, ആരാമ്പ്രം ലക്ഷം വീട് കോളനി, ആരാമ്പ്രം, എതിരന്‍ മല, മുക്കട ങ്ങാട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വേര്‍പെടുത്തി അപകടം ഒഴിവാക്കിയാണ് ഹൈടെന്‍ഷന്‍ ലൈനുകള്‍ പുനസ്ഥാപിച്ചത്.
പിന്നീട് പൊട്ടിയ 52 പോസ്റ്റുകള്‍ മാറ്റിയും ഇരുനൂറോളം സ്ഥലത്ത് വൃക്ഷങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയത് പരിഹരിച്ചും 240 -ഓളം സ്ഥലങ്ങളില്‍ മരകമ്പുകളും മറ്റും വീണ് സര്‍വീസ് കണക്ഷന്‍ വയറുകള്‍ പൊട്ടിയത് മാറ്റിയുമാണ് ഗാര്‍ഹിക കണക്ഷന്‍ പുനസ്ഥാപിച്ചത് .ഇതോടെ 23000 -ത്തോളം വരൂന്ന ഉപഭോക്താക്കളുടെ പ്രശ്‌നങ്ങളാണ്  35 ഓളം ജീവനക്കാര്‍ ഒന്നിച്ച് നിന്ന് 3 ദിവസം കൊണ്ട് പരിഹരിക്കാന്‍ സാധിച്ചത്.
കൂടാതെ ഫയര്‍ഫോഴ്‌സ് ,നാട്ടുകാര്‍ ചേര്‍ന്നാണ് വന്‍ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയതും തടസ്സങ്ങള്‍ ഒഴിവാക്കിയതും .നരിക്കുനി സെക്ഷന് കീഴില്‍ ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഇത്തവണത്തെ പ്രകൃതി ദുരന്തത്തിലുണ്ടായത്.ജീവനക്കാരെ അക്ഷര സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് നാട്ടുകാര്‍ അഭിനന്ദിച്ചത്. കെ അന്‍സാര്‍ അധ്യക്ഷത വഹിച്ചു . വി അര്‍ജുന്‍ കെ സ ബില്‍ ,കെ നിബില്‍ ,കെ അശ്വിന്‍ ,ഷറഫുദ്ധീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top