ജീവനെടുത്ത് മഴ; 12 മരണം

കോഴിക്കോട്/മലപ്പുറം/തൃശൂര്‍: കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് 12 മരണം. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേരും കുറ്റിയാടിപ്പുഴയുടെ ഭാഗമായ പുത്തന്‍നട ചീര്‍പ്പിനു സമീപം ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയും മരിച്ചു. പുതുപ്പണം പാലയാട്‌നട വെളുത്തമല റോഡില്‍ കുന്താപുറത്ത് ദാസന്റെ മകന്‍ അഭിനവ്(17) ആണ് മരിച്ചത്. അതിനിടെ, മലപ്പുറം പൊന്നാനി കടലില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളി ഹംസയുടെ മൃതദേഹം ചാവക്കാട് പ്ലാങ്ങാട് തീരത്തണഞ്ഞു. ബുധനാഴ്ചയാണ് പൊന്നാനിയില്‍ വള്ളം മറിഞ്ഞ് താനൂര്‍ അഞ്ചുടി സ്വദേശിയായ ഹംസയെ (65) കാണാതായത്. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം ചാവക്കാട് തീരത്തണഞ്ഞത്. തൃശൂര്‍ ജില്ലയിലും രണ്ടു മരണമുണ്ടായി. കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരക്കൊമ്പ് തലയില്‍ വീണ് കുണ്ടംകുളം താണിയത്ത് സുരേഷ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് വീടിനോട് ചേര്‍ന്നുനിന്നിരുന്ന പുളിമരത്തിന്റെ ഉണങ്ങിയ കൊമ്പ് ഒടിഞ്ഞ് ദേഹത്തുവീണാണ് മരണം. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി സുരേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: താര. മക്കള്‍: ശാരി, ശാലി. മരുമക്കള്‍: ദിലീപ്, രജീഷ്. കൂടാതെ, പുന്നയൂര്‍ക്കുളത്ത് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ പട്ടത്ത് വാസുവാണ് മരിച്ചത്. ജില്ലയില്‍ വെട്ടുകാട് ഏഴാംകല്ലില്‍ മണ്ണിടിഞ്ഞ് നാലു വീടുകളുടെ മുകളിലേക്ക് വീണു. ആര്‍ക്കും പരിക്കില്ല. പെരിങ്ങല്‍കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.അതിനിടെ,  മലപ്പുറം പുല്‍പ്പറ്റ ചീതോടത്ത് മംഗലന്‍ അബൂബക്കറിന്റെ മകന്‍ സുനീര്‍ (35) വയലിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. പാടശേഖരത്തില്‍ വെള്ളം കയറിയതറിഞ്ഞ് കാണാന്‍ പോയ യുവാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലിസിലും അഗ്നിശമന രക്ഷാസേനയിലും വിവരമറിയിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.  മാതാവ്: മറിയുമ്മ. ഭാര്യ: മുഹ്‌സിന. മക്കള്‍: മിന്‍ഹ, മിര്‍ഫ. സഹോദരങ്ങള്‍: ജംഷീര്‍, കുട്ടിഹസ്സന്‍, റസിയ, ബുഷ്‌റ, ജസീക്ക.അതിനിടെ, നിലമ്പൂര്‍ ചാലിയാറിന്റെ പോഷകനദികളായ കരിമ്പുഴയിലും കുതിരപ്പുഴയിലും ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഏനാന്തി കരുവന്‍കുഴി വാഴക്കുണ്ടന്‍ ആലിക്കുട്ടി-ഖദീജ ദമ്പതികളുടെ മകന്‍ നിസാമുദ്ദീന്‍ (40), നിലമ്പൂര്‍ പട്ടരാക്ക സ്വദേശി അബ്ദുര്‍റഹ്മാന്‍ (23) എന്നിവരെയാണ് കാണാതായത്.

RELATED STORIES

Share it
Top