ജീവനക്കാര്‍ക്ക് അവധിക്കാല ശമ്പളം നല്‍കണമെന്ന് ആവശ്യം

പുല്‍പ്പള്ളി: ജില്ലയിലെ സെല്‍ഫ് ഫിനാന്‍സിങ് കോളജുകളിലേയും സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകള്‍ നടത്തുന്ന എയ്ഡഡ് കോളജുകളിലേയും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് അവധിക്കാല ശമ്പളം നല്‍കണമെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ എയ്ഡഡ് കോളജുകളിലേയും സെല്‍ഫ് ഫിനാന്‍സ് മേഖലയിലെ അധ്യാപകരെ മാര്‍ച്ച് 31ന് പിരിച്ചുവിടുകയും പിന്നീട് ഇന്റര്‍വ്യൂ നടത്തി പുതുതായി നിയമിക്കുകയും ചെയ്യുന്ന അധ്യാപകവിരുദ്ധ നിലപാടാണ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകളും സ്വീകരിക്കുന്നത്.
മാനേജ്‌മെന്റുകളുടെ ഇത്തരം നിലപാട് കാരണം അധ്യയന വര്‍ഷം 10 മാസം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് മാര്‍ച്ച് 31 മുതല്‍ രണ്ടുമാസം വരെ മറ്റ് ജോലികള്‍ തേടേണ്ട സ്ഥിതിയാണ്. മുന്‍ ജീവനക്കാര്‍ക്ക് പരിഗണന നല്‍കാതെ മറ്റുള്ളവര്‍ക്കു ജോലി നല്‍കുന്ന രീതിയും മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്. വര്‍ഷാവര്‍ഷം ആനുപാതികമായ ശമ്പളവര്‍ധന വരുത്താതെ ലാഭം വര്‍ധിപ്പിക്കാനുള്ള ഈ രീതി അനുവദിക്കില്ല.
തുച്ഛമായ ശമ്പളം നല്‍കി അധ്യാപകരെ ചൂഷണം ചെയ്യുന്ന മാനേജ്‌മെന്റുകള്‍ ശമ്പളം ഉടന്‍ വര്‍ധിപ്പിക്കണമെന്നും അധ്യാപകരെ മാര്‍ച്ച് 31ന് അനധികൃതമായി പിരിച്ചുവിടുന്ന നടപടി തുടര്‍ന്നാല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോവുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top