ജീവനക്കാര്‍ക്കെതിരേ കേസ്; പാണത്തൂര്‍ റൂട്ടില്‍ ബസ്സോട്ടം നിലച്ചു

കാഞ്ഞങ്ങാട്: അമിത വേഗതയെ ചോദ്യം ചെയ്ത അഭിഭാഷകയുടെ കൈ ഒടിച്ചെന്ന പരാതിയില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് മാവുങ്കാല്‍ റൂട്ടില്‍ ബിഎംഎസുകാരായ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് യാത്രക്കാരെ പെരുവഴിയിലാക്കി. സിഐടിയു പ്രവര്‍ത്തകര്‍ ബസ് ഓടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മാവുങ്കാലില്‍ സമരക്കാര്‍ തടഞ്ഞതിനാല്‍ ഓട്ടം നിര്‍ത്തുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഓടിയില്ല. സമരക്കാര്‍ തടഞ്ഞതിനാല്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷക ഡിറ്റിമോള്‍ കെ ജൂലിയുടെ കൈയ്യൊടിച്ചെന്ന പരാതിയിലാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ രതീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും ഡ്രൈവര്‍ ശഫീഖിനെതിരെയും അമ്പലത്തറ പോലിസ് കേസെടുത്തത്. ബസ് സമരത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ ദാമോദരന്‍ ബസ് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉച്ചയോടെ ബസ് ഓട്ടം പുനരാരംഭിക്കുകയായിരുന്നു.

RELATED STORIES

Share it
Top