ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിവാദ ഉത്തരവ് മരവിപ്പിച്ചു

കണ്ണൂര്‍: കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏല്‍പിച്ചതില്‍ തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പ് ശക്തം. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കൗണ്ടര്‍ ഉപരോധിച്ചു. ഭൂരിഭാഗം ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതിനാല്‍ ഡിപ്പോയില്‍ നിന്നുള്ള 12ഓളം സര്‍വീസുകള്‍ തടസ്സപ്പെട്ടു.
പ്രതിസന്ധി ഉടലെടുത്തതോടെ ഗതാഗതമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. ഇതോടെ മുടങ്ങിയ സര്‍വീസുകള്‍ വൈകീട്ടോടെ പുനരാംരംഭിച്ചു. നേരത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാനെത്തിയെങ്കിലും സമരക്കാര്‍ സമ്മതിച്ചില്ല. പ്രശ്‌നം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ പോലിസെത്തി.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ 24 ബസ് സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ഇന്നലെ പ്രാബല്യത്തില്‍ വന്നത്. ഇതുപ്രകാരം ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയിലെ റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീക്ക് നല്‍കിയിരുന്നു.
രണ്ടു ഷിഫ്റ്റുകളിലായി മൂന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. നേരത്തെ കേരളശ്രീയും കെഎസ്ആര്‍ടിസിയും ഇതിനുള്ള ധാരണാപത്രം ഒപ്പുവച്ചിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനവും നല്‍കുകയുണ്ടായി. രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്ന് ലഭിക്കുന്ന തുക കേരളശ്രീയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അടയ്‌ക്കേണ്ടത്. ഈ തുക കേരളശ്രീ കെഎസ്ആര്‍ടിസിക്ക് കൈമാറുമെന്നായിരുന്നു ധാരണ. കണ്ണൂരില്‍ ഉപരോധം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി വി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി കെ ബാബുരാജ് അധ്യക്ഷനായി. സജിത്ത് സദാനന്ദന്‍, ബിജു ജോണ്‍, എ എന്‍ രാജേഷ്, വി കെ മനോജ് സംസാരിച്ചു.

RELATED STORIES

Share it
Top