ജീവനക്കാരുടെ ശമ്പള വര്‍ധനവ് ; ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.
സമഗ്രമായി വാദം കേള്‍ക്കാതെ ഇങ്ങനെയൊരു ഉത്തരവിറക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി. ഇതിനിടയില്‍ വിജ്ഞാപനം സംബന്ധിച്ച വിയോജിപ്പുകള്‍ ഹരജിക്കാര്‍ക്കു വേണമെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാം. സര്‍ക്കാരിന് ഈ അഭിപ്രായങ്ങള്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹരജിയിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
കഴിഞ്ഞ മാസം 23ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും ചെയര്‍മാന്‍ ഹുസയ്ന്‍ കോയ തങ്ങളും അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ തയ്യാറല്ലെന്ന് ഹരജികള്‍ പരിഗണനയ്ക്ക് വന്നയുടന്‍ കോടതി വാക്കാല്‍ പറഞ്ഞു. അനുരഞ്ജന ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഉത്തരവിറക്കില്ലെന്നും കോടതി അറിയിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്നും സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ശമ്പളം നല്‍കിയാല്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവുമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, ഡോക്ടര്‍മാര്‍ക്ക് വന്‍ ശമ്പളം നല്‍കുമ്പോള്‍ എന്തിനാണ് ഈ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രം ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു.
വിജ്ഞാപനത്തെ ചോദ്യം ചെയ്ത് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ ഹരജി നേരത്തെ ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്നലത്തെ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. അതിലും ഇടക്കാല ഉത്തരവൊന്നുമിറക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ച് ധൃതിയിലാണ് സര്‍ക്കാര്‍ വിജ്ഞാപനം കൊണ്ടുവന്നതെന്ന് മാനേജ്‌മെന്റുകളുടെ ഹരജികള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top