ജീവജലം പദ്ധതിക്ക് സാമൂതിരി സ്‌കൂളില്‍ തുടക്കം

കോഴിക്കോട്: കൊടിയ വേനലിന് സാന്ത്വനമേകാന്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ  സേവ്‌ന്റെ ജീവജലം  പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തിരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ ഇങ്ങനെ തിരഞ്ഞെടുക്കാം. സേവിന്റെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ നേരിട്ടല്ല ഇത് നടപ്പിലാക്കുന്നത് എന്ന പ്രത്യേകതയുണ്ട്.
സ്‌കൂളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയസമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പിടിഎ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരിച്ച ജലാശയത്തിന് ഒരു സംരക്ഷണ സമിതി രൂപീകരിക്കും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും.
1119 സ്‌കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് സംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാഹിത്യകാരന്‍ വി ആര്‍ സുധീഷ് നിര്‍വഹിച്ചു. നാലുവരിപ്പാത വേണോ നാലുവരി നെല്ലു വേണോ എന്ന തര്‍ക്കം നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജീവജലം പദ്ധതിയിലൂടെ സേവ് മഹത്തായ ഒരു സന്ദേശമാണ് മനുഷ്യരാശിക്ക് നല്‍കുന്നത്.
സ്‌കൂളിലെ കുളം വൃത്തിയാക്കികൊണ്ട് ആയിരുന്നു ഉദ്ഘാടനം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു എന്‍ജിനീയര്‍ ഇക്ബാല്‍ സമ്മാന പദ്ധതി വിശദീകരിച്ചു. സി കെ വിജയന്‍, വി ഗോവിന്ദന്‍, കെ രാഗി, ഷൗക്കത്തലി എരോത്ത്, സുമ പള്ളിപ്പുറം, കെ ശ്രീകുമാര്‍, വി സജീവ്, നിര്‍മ്മല ജോസഫ്, പ്രമോദ് മന്നാടത്ത്, ടി എന്‍ കെ നിഷ, കെ പ്രഗ്‌നേഷ് സംസാരിച്ചു.
എളമ്പിലാട് വിളയാട്ടൂര്‍ എംയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍’ പാളയും കയറും’ എന്ന സംഗീതശില്പം അവതരിപ്പിച്ചു. ജീവജലം പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കും. ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ജലാശയത്തിന്റെ പടങ്ങള്‍, ശുചീകരണ സമയത്തെ വീഡിയോ എന്നിവ 9447262801 എന്ന നമ്പറിലേക്ക് വാട്‌സ് അപ്പ്  ചെയ്യണം.

RELATED STORIES

Share it
Top