ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായി'അലിവ്' ചാരിറ്റബിള്‍ സൊസൈറ്റിമാനന്തവാടി: നാടിന്റെ സ്പന്ദനമറിഞ്ഞ് ജനകീയ കൂട്ടായ്മ നടത്തുന്ന സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. പടിഞ്ഞാറെത്തറ പന്തിപ്പൊയില്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനകം പ്രദേശത്ത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളും നടത്തി ജനശ്രദ്ധ നേടിയത്. ഏറ്റവും ഒടുവിലായി വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ളവിതരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ പ്രദേശത്ത് നൂറിലധികം യുവാക്കള്‍ ചേര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനു കീഴിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലാണ് പ്രദേശത്തിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ ഇടപെടലുകള്‍ നടത്തി മുന്നേറുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായും ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തിക്കൊണ്ടായിരുന്ന സെല്ലിന്റെ തുടക്കം. ഇതിനായി പന്ത്രണ്ടര ലക്ഷത്തോളം രൂപയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് വാങ്ങി. എടക്കാടന്‍ മുക്ക്, ബപ്പനം എന്നിവിടങ്ങളില്‍ രണ്ടു കിണറുകള്‍ നിര്‍മിച്ചു നല്‍കി. ചെന്നലോട് ഗവ. ആശുപത്രിയിലും തരിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഓക്‌സിജന്‍ സിലിണ്ടറുകളും സ്ട്രക്ചറുകളും നല്‍കി. വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍, നിര്‍ധന രോഗികള്‍ക്ക് മരുന്നും ഭക്ഷണക്കിറ്റുകളും, വിവാഹ ധനസഹായം, വിധവയ്ക്ക് വീട്, നിര്‍ധനര്‍ക്ക് അഞ്ചുസെന്റ് ഭൂമി തുടങ്ങി കഴിഞ്ഞ ഒരുവര്‍ഷത്തിനകം കാല്‍ കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സെല്‍ നടത്തിയത്. ഇതിനു പുറമെ സൊസൈറ്റിയിലെ യുവാക്കള്‍ ചേര്‍ന്ന് മുള്ളങ്കണ്ടി പമ്പ്ഹൗസിന് സമീപത്തെ പുഴ കഴിഞ്ഞ ദിവസം ശുദ്ധീകരിച്ചു. പുഴയില്‍ നിന്നു ചാക്കുകണക്കിന് മാലിന്യങ്ങളാണ് യുവാക്കള്‍ നീക്കം ചെയ്തത്. സൊസൈറ്റിയിലെ യുവാക്കള്‍ ചേര്‍ന്നെടുക്കുന്ന പ്രതിമാസ വരിസംഖ്യയും പ്രവാസികളടക്കമുള്ള നാട്ടുകാര്‍ നല്‍കുന്ന സംഭാവനകളും മാത്രമാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ വരുമാനമാര്‍ഗം. നിത്യവും 4,000 ലിറ്റര്‍ വെള്ളമാണ് വാഹനത്തില്‍ ആദിവാസി കോളനികളിലുള്‍പ്പെടെയുള്ള വീടുകള്‍ക്ക് മുന്നിലെത്തിക്കുന്നത്. വരള്‍ച്ച രൂക്ഷമായിട്ടും കുടിവെള്ള വിതരണം നടത്താന്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് യുവാക്കള്‍ വെള്ളം ശേഖരിച്ച് വിതരണം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. പന്തിപ്പൊയില്‍ വലിയ നരിപ്പാറയില്‍ കുടിവെള്ള വിതരണം പഞ്ചായത്ത് മെംബര്‍ കട്ടയോടന്‍ അമ്മദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉസ്മാന്‍ ദാരിമി, എ കെ അബ്ദുല്ല, മൊയ്തു യമാനി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top