ജീവകാരുണ്യ പ്രവര്‍ത്തനവുമായി ശാന്തിനികേതന്‍ എച്ച്എസ്എസ്‌

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മൂന്നാം വര്‍ഷത്തിലേക്ക്. തൃശൂര്‍ കേന്ദ്രമാക്കി ദീര്‍ഘകാല രോഗം മൂലം കഷ്ടപ്പെടുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ പ്രവര്‍ത്തിക്കുന്ന ‘സൊലസ്’ എന്ന സംഘടനയുടെ സ്‌കൂള്‍ യൂനിറ്റാണ് ഇത് നടത്തുന്നത്. 2015 അവസാനം ആരംഭിച്ച ഇത് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ രണ്ട് തലാസീമിയ മേജര്‍ രോഗികള്‍ക്ക് പ്രതിമാസം 5000 രൂപ ചികില്‍സാ സഹായം നല്‍കി വന്നു. ഈ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിയതോടെ സെറിബ്രല്‍ പാള്‍സി രോഗം ഉള്ള ഒരു എട്ടാംക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് ഇപ്പോള്‍ സഹായം ചെയ്യുന്നത്. വിദ്യാര്‍ഥികളില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിക്കുന്ന തുകയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂന്നാം വര്‍ഷത്തെ ധനസഹായ വിതരണത്തിന് സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ തുടക്കം കുറിച്ചു. പ്രധാന അധ്യാപിക എം അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. സൊലസ് സ്‌കൂള്‍തല കണ്‍വീനര്‍ അബ്ദുസമദ് എടവന, ടി വി രാജഗോപാലന്‍, കെ ബേബി ഉഷ, എന്‍എം ഉഷാകുമാരി, കെ ഖദീജ, എസ്എസ് സ്‌മേര, കെഎം അഞ്ജന സംസാരിച്ചു.

RELATED STORIES

Share it
Top