ജീപ്പുമായിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കടയിലേക്ക് ഇടിച്ചു കയറി തീപ്പിടിച്ച് നശിച്ചുകൊച്ചി: ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കടയിലേക്ക് ഇടിച്ചു കയറി തീപ്പിടിച്ച് നശിച്ചു. യാത്രക്കാരായ രണ്ടുപേര്‍ക്ക്  പൊള്ളലേറ്റു. അയ്യപ്പന്‍കാവ് സ്വദേശി ഷാജി, വടുതല സ്വദേശി വിന്‍സെന്റ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ ദേശാഭിമാനി ജങ്ഷനിലാണ് സംഭവം. പാലാരിവട്ടം ഭാഗത്തു നിന്ന് വരികയായിരുന്നു ഷാജിയും വിന്‍സെന്റും സ്‌കൂട്ടറും ജീപ്പും തമ്മിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശത്തേക്ക് ഇടിച്ചു കയറി മറിഞ്ഞ് തീപ്പിടിക്കുകയായിരുന്നു.സ്‌കൂട്ടര്‍ പൂര്‍ണമായും നശിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഏറെനേരം പണിപ്പെട്ട് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. അഗ്‌നിശമനസേന സ്ഥലത്ത് എത്തിപ്പോഴേക്കും തീ കെടുത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് ഷാജിയെയും വിന്‍സെന്റിനെയും ആശുപത്രിയിലാക്കിയത്. വിന്‍സെന്റ് എറണാകുളം ജനറല്‍ ആശുപത്രിയിലും ഷാജി സ്വകാര്യ ആശുപത്രിയിലുമാണ്. ഇവര്‍ക്ക് ഗുരുതരമായ ഒടിവും ചതവുമേറ്റിട്ടുണ്ട്. പൊള്ളല്‍ സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഷാജിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ട്രാഫിക് പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top