ജീപ്പും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഉപ്പള (കാസര്‍കോട്): കാസര്‍കോട്-മംഗളൂരു ദേശീയപാതയിലെ ഉപ്പള കൈക്കമ്പയില്‍ ജീപ്പും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കുട്ടികളടക്കം 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ ആറോടെയാണ് അപകടം.
കര്‍ണാടക തലപ്പാടി അജ്ജിനടുക്കയിലെ പരേതനായ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (69), മക്കളായ നസീമ (30), അസ്മ (38), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (48), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (38) എന്നിവരാണ് മരിച്ചത്.
അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്ദുര്‍റഹ്മാന്‍ (12), മാഷിദ (10), അമല്‍ (ആറ്), ആബിദ് (എട്ടുമാസം), നസീമയുടെ മക്കളായ ഷാഹിദ്, ആഫിയ (ഒമ്പത്), ഫാത്തിമ (ഒന്ന്), മുഷ്താഖിന്റെ ഭാര്യ സൗദ (33), മക്കളായ സവാദ് (12), ഫാത്തിമ (10), അമര്‍ (അഞ്ച്), സുമയ്യ (മൂന്ന്) എന്നിവര്‍ക്കാണു പരിക്കേറ്റത്. പരിക്കേറ്റവരെ മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംതിയാസും മുഷ്താഖും ഉള്ളാള്‍ മുക്കച്ചേരി സ്വദേശികളാണ്.
ജീപ്പിലാണ് കുടുംബം സഞ്ചരിച്ചിരുന്നത്. പാലക്കാട് മംഗള ഡാമിന് സമീപത്തു താമസിക്കുന്ന, ബീഫാത്തിമയുടെ മകള്‍ റുഖിയയുടെ ഗൃഹപ്രവേശന ചടങ്ങ് ഞായറാഴ്ചയായിരുന്നു. ചടങ്ങു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം. മുഷ്താഖാണ് ജീപ്പ് ഓടിച്ചിരുന്നത്.
വീടിന് ഏകദേശം 15 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയുമായാണ് കൂട്ടിയിടിച്ചത്. അഞ്ചുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജീപ്പ് വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ മഞ്ചേശ്വരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മയ്യിത്തുകള്‍ കെസി റോഡിനടുത്ത പട്‌ന മുനവ്വിര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

RELATED STORIES

Share it
Top