ജി സാറ്റ് 9 വിക്ഷേപണം വിജയകരംശ്രീഹരിക്കോട്ട: ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഒരുക്കിയ പൊതു ഉപഗ്രഹം ജി സാറ്റ് 9 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം 4.57ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ്  ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തിയത്. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എഫ്09 റോക്കറ്റാണ് ഉപഗ്രഹ വിക്ഷേപണം നടത്തിയത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി സാറ്റൈലൈറ്റ് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഉപഗ്രഹത്തിന് ആദ്യം നല്‍കാനുദ്ദേശിച്ചിരുന്ന പേര്. എന്നാല്‍ പിന്നീട് പാകിസ്താന്‍ ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ കമ്മ്യൂണിക്കേഷന്‍ സൈറ്റലൈറ്റ് എന്നാക്കി.
വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡി.ടി.എച്ച്, വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയവക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ് 9. 2230 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. 12 വര്‍ഷം ആയുസ്സുള്ള ഉപഗ്രഹത്തിന്റെ നിര്‍മാണച്ചെലവായ 235 കോടി രൂപയും വഹിച്ചത് ഇന്ത്യയാണ്. 2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ സൗജന്യ സേവനം ലഭിക്കും.

RELATED STORIES

Share it
Top