ജി വി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പ്രിന്‍സിപ്പലിനെ പ്രതിക്കൂട്ടിലാക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്

തിരുവനന്തപുരം: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ പ്രതിക്കൂട്ടിലാക്കി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ട്. സ്‌കൂളിലെ ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ തന്നെ മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു.
പ്രിന്‍സിപ്പല്‍ സി എസ് പ്രദീപ് സ്ഥാനത്ത് തുടര്‍ന്നാല്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനും കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാവാനും സാധ്യതയുണ്ടെന്നാണ് കായിക വിദ്യാഭ്യാസ വകുപ്പിനും ഇന്‍ലിജന്‍സ് എഡിജിപിക്കും  കൈമാറിയ റിപോര്‍ട്ടില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 2011ല്‍ സി എസ് പ്രദീപ് ചുമതലയേറ്റത് മുതല്‍ എല്ലാ വര്‍ഷവും സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വിരല്‍ ചൂണ്ടുന്നത് പ്രിന്‍സിപ്പലിനു നേരെയാണ്. കുട്ടികളെ കൊണ്ട് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് സംശയം. പ്രദീപിനെതിരേ വകുപ്പ്തല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിച്ചേക്കും. അധ്യാപകരേയും കുട്ടികളേയും പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നു.
പ്രദീപ് പ്രിന്‍സിപ്പലായി വന്ന ശേഷം 25 പേര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പോയി. മറ്റു പലരും സ്ഥലംമാറ്റത്തിനായി ശ്രമിക്കുന്നുമുണ്ടെന്നു റിപോര്‍ട്ടിലുണ്ട്. അതേസമയം, താന്‍ പ്രിന്‍സിപ്പലായ ശേഷം ആദ്യമായാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നതെന്നു പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

RELATED STORIES

Share it
Top