ജിസിഡിഎയുടെ ഭവന സമുച്ചയത്തിന് 31 ന് മുഖ്യമന്ത്രി തറക്കല്ലിടും

കൊച്ചി: ഗാന്ധിനഗര്‍ പി ആന്റ് ടി കോളനി നിവാസികളുടെ പുനരധിവാസ ഭവന സമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 31 രാവിലെ 11ന് തറക്കല്ലിടുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തോപ്പുംപടി രാമേശ്വരം രാജീവ്ഗാന്ധി സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്. യോഗത്തില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും.
ജിസിഡിഎയുടെ ഏഴു കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലത്ത് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പെടുത്തി സമുച്ചയം നിര്‍മിച്ചു നല്‍കുന്നത് ജിസിഡിഎയാണ്.
ഏകദേശം 70 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളിലായി 88 വീടുകള്‍ പണിയും. 400 ചതുരശ്രഅടി വരുന്ന ഓരോ വീട്ടിലും ഒരു സ്വീകരണമുറി, രണ്ടു കിടപ്പുമുറികള്‍, അടുക്കള,  ടോയ്‌ലറ്റ് എന്നിവയാണുള്ളത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നുള്ള തുക കൂടാതെ പദ്ധതി നിര്‍വഹണത്തിനായി കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് അടക്കമുളള ഇതര സാമ്പത്തിക സ്രോതസുകളെ ആശ്രയിക്കും.
കൊച്ചി കോര്‍പറേഷന്‍, ജില്ലാ ഭരണനേതൃത്വം ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവരുടെയെല്ലാം സഹായ സഹകരണങ്ങള്‍ പദ്ധതിക്കുണ്ട്.
നിര്‍മാണം തുടങ്ങി 10 മാസത്തിനകം താക്കോല്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. നഗര വികസനത്തിന്റെ ഗുണഫലങ്ങള്‍ താഴേക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതിനും നഗരത്തിന്റെ വര്‍ധിച്ചു വരുന്ന തിരക്കില്‍ ചേരികളില്‍ നരകതുല്യമായ ജീവിതം നയിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള ചേരിനിര്‍മാര്‍ജന പദ്ധതി 2018-—19 ലെ ബജറ്റില്‍ ജിസിഡിഎ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമാണ് പിആന്റ്ടി കോളനി നിവാസികള്‍ക്കായി നിര്‍മിച്ചു നല്‍കുന്ന ഫഌറ്റ് സമുച്ചയം.
നഗരത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവര്‍ താമസിക്കുന്ന ഇടമാണ് പി ആന്റ് ടി കോളനി. 85 കുടുംബങ്ങള്‍ ഇവിടെയുണ്ട്. പേരണ്ടൂര്‍ കനാലിന്റെ തോട് പുറമ്പോക്കിലാണ് ഈ കോളനി. കക്കൂസ് മാലിന്യം അടക്കം നഗരത്തിലെ മറ്റെല്ലാ മാലിന്യങ്ങളും  നിറഞ്ഞ ജലമാണ് ഇവരുടെ വീടുകളിലേക്ക് കയറുന്നത്. കാലവര്‍ഷത്തില്‍ കോളനിയിലെ ദുരിതം വളരെ വലുതാണ്.

RELATED STORIES

Share it
Top