ജിസാറ്റ് 6 എയുമായി ബന്ധം നഷ്ടപ്പെട്ടു: ഐഎസ്ആര്‍ഒ

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് കഴിഞ്ഞ ദിവസം വിക്ഷേപിച്ച ജിസാറ്റ് 6 എ ഉപഗ്രഹവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു വിക്ഷേപിച്ച് 48 മണിക്കുറിനുശേഷവും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണ് അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചത്.
വിക്ഷേപണത്തിന്റെ മുന്നാമത്തെയും അവസാനത്തെയും ഘട്ടമായ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിന് പിറകെയാണ് ബന്ധം നഷ്ടമായത്. ഉപഗ്രഹത്തിനു പ്രവര്‍ത്തനോര്‍ജം നല്‍കുന്ന ‘പവര്‍ സിസ്റ്റത്തിനു’ തകരാര്‍ സംഭവിച്ചതായാണു സൂചന. ഉപഗ്രഹവുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതകര്‍ അറിയിച്ചു. മാര്‍ച്ച് 29ന് വൈകീട്ട് 4.56നായിരുന്നു തമിഴ്‌നാട്ടിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ജിസാറ്റ് 6 എയുമായി ജിഎസ്എല്‍വി-എഫ് 08 കുതിച്ചുയര്‍ന്നത്. ശനിയാഴ്ച രാവിലെ 10.51ന് ക്രമീകരിച്ചിരുന്ന രണ്ടാം ഭ്രമണം ആരംഭിച്ചു നാലു മിനിറ്റിനകമായിരുന്നു സിഗ്‌നല്‍ ബന്ധം നഷ്ടപ്പെട്ടത്.

RELATED STORIES

Share it
Top