ജിഷ വധം: പുനരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം വേണമെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമീറുല്‍ ഇസ്‌ലാമിനെ വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും കൊല്ലപ്പെട്ട ജിഷയ്ക്കു നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നില്ല. കേസന്വേഷിച്ച രണ്ടു സംഘങ്ങളും കേസ് അട്ടിമറിച്ചു. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അമീറുല്‍ ഇസ്‌ലാം തന്നെയാണ് കൊലപാതകം നടത്തിയതെങ്കിലും കൂട്ടുപ്രതികള്‍ ഉണ്ടാവും. ജിഷയുടെ മാതാവ് രാജേശ്വരി ആരെയോ ഭയക്കുന്നുണ്ട്. കേസിന്റെ വിധി വന്നിട്ടും മാതാവ് രാജേശ്വരിക്ക് പോലിസ് സുരക്ഷ തുടരുന്നതു സംശയാസ്പദമാണ്. അതിനര്‍ഥം യഥാര്‍ഥ കുറ്റവാളികള്‍ ആരാണെന്ന് രാജേശ്വരിക്കറിയാമെന്നാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.അന്വേഷണത്തില്‍ തുടക്കംമുതല്‍ ഒടുക്കം വരെ പോലിസ് തികഞ്ഞ അലംഭാവമാണ് കാണിച്ചത്. സംഭവത്തിനുശേഷം അഞ്ചു ദിവസം കഴിഞ്ഞാണ് പോലിസ് വീട് സീല്‍ ചെയ്യുന്നത്. നാലു ദിവസങ്ങള്‍ക്കു ശേഷം  വീടും പരിസരവും പുല്ലുകള്‍ വെട്ടിത്തെളിച്ച് വിശദ പരിശോധന നടത്തിയിരുന്നു. അപ്പോഴൊന്നും കണ്ടെത്താത്ത പ്രതിയുടേതെന്ന് പറയുന്ന ചെരിപ്പ് പിന്നീടാണ് പോലിസ് കണ്ടെത്തുന്നത്. രാജേശ്വരിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സാബുവും സാബുവിന്റെ വീട്ടില്‍ വന്ന പുറം നാട്ടുകാരനായ ഓട്ടോ ഡ്രൈവറുമാണ് ചെരിപ്പ് കണ്ടെടുത്തതിലെ സാക്ഷികള്‍. ഈ ചെരിപ്പ് അടക്കമുള്ള തെളിവുകളുടെ പിന്‍ബലത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജിഷ കേസ് അവസാനിപ്പിക്കാന്‍ ആദ്യം പോലിസ് ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുകയാണെന്നും ഇതു നീക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഇവര്‍ പറഞ്ഞു. അഡ്വ. സി കെ സെയ്തുമുഹമ്മദാലി, ഇസ്മയില്‍ പള്ളിപ്രം, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ്, അമ്പിളി ഓമനക്കുട്ടന്‍, സുള്‍ഫിക്കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top