ജിഷ വധം: അമീറുല്‍ ഇസ്‌ലാം കുറ്റക്കാരന്‍

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഇന്നു പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം, അന്യായമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ കോടതി കണ്ടെത്തിയത്. 195 സാക്ഷികളുടെ വിലാസം കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും 100 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രതിഭാഗം സാക്ഷികളായി അഞ്ചുപേരെയും വിസ്തരിച്ചു. 291 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ രേഖകളായി കോടതി അംഗീകരിച്ചു. പ്രതിഭാഗം അഞ്ചു രേഖകളും കോടതിയില്‍ ഹാജരാക്കി. 2017 മാര്‍ച്ച് 13ന് ആരംഭിച്ച വിചാരണാ നടപടികള്‍ 2017 നവംബര്‍ 21നാണ് പൂര്‍ത്തീകരിച്ചത്. തെളിവു നശിപ്പിച്ചുവെന്ന കുറ്റം, പട്ടികജാതി പീഡനക്കുറ്റം എന്നിവ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ കോടതി, ഈ വകുപ്പുകളില്‍ നിന്നു പ്രതിയെ കുറ്റവിമുക്തനാക്കി. ഡിഎന്‍എ പരിശോധനാ ഫലവും ടെലിഫോണ്‍ കോള്‍ റിപോര്‍ട്ടുകളും അമീര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് തെളിയിക്കുന്നതിനു മതിയായ രേഖകളാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജിഷയുടെ വീടിന്റെ പിറകുവശത്തെ വാതിലില്‍ നിന്നു ലഭിച്ച രക്തക്കറ അമീറുല്‍ ഇസ്‌ലാമിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയില്‍ ജിഷയുടെ രക്തം ഉണ്ടായിരുന്നതായി ശാസ്ത്രീയ പരിശോധനാ റിപോര്‍ട്ടിലുണ്ട്. പ്രതിയുടെ ചെരിപ്പില്‍ പറ്റിയ മണ്ണും ജിഷ കൊല്ലപ്പെട്ട വീടിന്റെ പരിസരത്തെ മണ്ണും സാമ്യമുണ്ട്. ജിഷയുടെ വീടിനു സമീപത്തുള്ള ബണ്ടില്‍ നിന്നു കണ്ടെത്തിയ ചെരിപ്പുകളാണ് പരിശോധനയ്ക്കു വിധേയമായത്. ചുരിദാറിന്റെ ഷാളില്‍ പറ്റിപ്പിടിച്ച ഉമിനീര്‍ അടക്കം അഞ്ചു ഡിഎന്‍എ പരിശോധനാ റിപോര്‍ട്ടുകളാണ് കോടതി വിചാരണയ്ക്കു വിധേയമാക്കിയത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുന്നതിന് 2016 ഏപ്രില്‍ 29ന് പുലര്‍ച്ചെ 2.40ന് അമീര്‍ എറണാകുളത്തു നിന്ന് അസമിലേക്കു പുറപ്പെട്ടുവെന്നും കോടതി കണ്ടെത്തി. പ്രതി അസമിലേക്കു പോവുന്നതിന് ഉപയോഗിച്ച ട്രെയിന്‍ ടിക്കറ്റ് തെളിവായി കോടതി പരിഗണിച്ചു. ജിഷയുടെ ചെരിപ്പില്‍ നിന്ന് എ ഗ്രൂപ്പില്‍പ്പെട്ടതും ഒ ഗ്രൂപ്പില്‍പ്പെട്ടതുമായ രക്തസംയുക്തം കണ്ടെത്തിയതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എ ഗ്രൂപ്പ് രക്തം അമീറിന്റെയും ഒ ഗ്രൂപ്പ് രക്തം ജിഷയുടേതുമാണെന്ന് തെളിഞ്ഞു. ജിഷയുടെ രക്തക്കറയുള്ള ഡ്രസ് നശിപ്പിച്ചുകളഞ്ഞുവെന്ന ആരോപണം സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചില്ല. അമീറിനെ 2016 ജൂണ്‍ 16ന് കാഞ്ചീപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ എം ഉണ്ണികൃഷ്ണനും പ്രതിക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍, അഡ്വ. സതീഷ് മോഹനന്‍ എന്നിവരും ഹാജരായി. ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും കോടതിയിലെത്തിയിരുന്നു.

RELATED STORIES

Share it
Top