ജിഷ്ണു പ്രണോയ്: സിബിഐ സംഘം നാദാപുരത്തേക്ക്‌

നാദാപുരം: പാമ്പാടി നെഹ്—റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണസംഘം നാദാപുരത്തേക്ക്. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നാദാപുരത്ത് ക്യാംപ് ഹൗസ് തുറക്കും. നാദാപുരം അതിഥിമന്ദിരത്തില്‍ ക്യാംപ് ഓഫിസ് പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണു വിവരം. സിബിഐയുടെ കൊച്ചി യൂനിറ്റില്‍ നിന്നുള്ള സംഘമാണ് ഇവിടെ ക്യാംപ് ചെയ്യുക. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍, പ്രദേശവാസികള്‍, മൃതദേഹം ഏറ്റുവാങ്ങിയവര്‍ എന്നിവരുടെ മൊഴികള്‍ സിബിഐ രേഖപ്പെടുത്തും. ഇവര്‍ക്ക് സിബിഐയുടെ ക്യാംപ് ഓഫിസില്‍ ഹാജരാവാന്‍ അറിയിപ്പു ലഭിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍, അടുത്ത ചില ബന്ധുക്കള്‍ എന്നിവരുടെ പ്രാഥമിക മൊഴി സിബിഐ നേരത്തേ രേഖപ്പെടുത്തിയിരുന്നു.
തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയ് (18) ആത്മഹത്യ ചെയ്യാനിടയായ സംഭവം കോളജ് അധികൃതരുടെ മാനസികവും ശാരീരികവുമായ പീഡനം നിമിത്തമാണെന്നാണ് ആരോപണം ഉയര്‍ന്നത്. 2017 ജനുവരി 6നാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ നടന്ന ദിവസമാണു സംഭവം.
പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് കോളജിലെ അധ്യാപകന്‍ പരീക്ഷാഹാളി ല്‍ സഹപാഠികളുടെ മുമ്പില്‍ വച്ച് പരിഹസിക്കുകയും ഡീ ബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, കോപ്പിയടിച്ചതിനുള്ള തെളിവുകള്‍ നല്‍കാന്‍ കോളജ് അധികൃതര്‍ക്കായില്ല.
ജിഷ്ണുവിനെ കോളജ് അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് സഹപാഠികളില്‍ നിന്നു ലഭിച്ച വിവരം. കോപ്പിയടിെച്ചന്നാരോപിച്ച് കോളജ് മാനേജ്‌മെന്റിലെ ചിലരും അധ്യാപകരും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യാശ്രമം നടത്തിയ—തെന്നു സഹപാഠികളും ആരോപിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാത്തതിനാല്‍ കോളജ് അധികൃതരോട് സഹായത്തിനു വേണ്ടി യാചിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top