ജിഷ്ണു പ്രണോയ്് ഓര്‍മയായിട്ട് ഒരാണ്ട്

കോഴിക്കോട്: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി നാദാപുരം വളയം സ്വദേശി ജിഷ്ണു പ്രണോയുടെ ജീവത്യാഗത്തിന് ഇന്നേക്ക് ഒരാണ്ട്. ജിഷ്ണുവിന്റെ മരണവും അതിനെത്തുടര്‍ന്ന് അമ്മ മഹിജയുടെയും കുടുംബത്തിന്റെയും നേതൃത്വത്തില്‍ നടന്ന സമരവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. സംഭവത്തിലെ അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ആദ്യഘട്ടത്തില്‍ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പോലും സിബിഐ തയ്യാറായിരുന്നില്ല. സുപ്രിംകോടതി ഇടപെടുകയും സിബിഐയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയുമായിരുന്നു. അതേസമയം, നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ തുടങ്ങി കുറ്റാരോപിതരായവരെല്ലാം ഇപ്പോഴും മുന്‍കൂര്‍ ജാമ്യം കിട്ടിയതിന്റെ ആശ്വാസത്തിലാണ്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉദയഭാനു മറ്റെരു കേസില്‍പെട്ട് ഇപ്പോള്‍ ജയിലിലുമാണ്. ജിഷ്ണു കൊലക്കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചത് മകന്റെ പ്രതികളെ പിടിച്ചേ അടങ്ങൂ എന്ന അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ്. 2017 ജനുവരി ആറിന് നടന്ന സംഭവത്തില്‍ ഫെബ്രുവരി 16നാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പോലും തിരിമറി നടന്നതായി ആരോപണമ ുയര്‍ന്നു. പ്രോസിക്യൂഷന്‍ പരാജയമായതോടെ നേരത്തെ കേസില്‍ ഹാജരായ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രതികളെ പിടികൂടാനുള്ള ഒരു നടപടിയും പോലിസിന്റെ ഭാഗത്തു നിന്നും ഇല്ലാതായതോടെ നീതി തേടി ഡല്‍ഹിയിലടക്കം ഈ കുടുംബത്തിന് പോവേണ്ടി വന്നു.

RELATED STORIES

Share it
Top