ജിഷ്ണു കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ വീണ്ടും കോടതിയില്‍ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍ ഹരജി നല്‍കി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റേത് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ലക്കിടി കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലിയെ മര്‍ദിച്ച കേസിലാണ് പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പാമ്പാടി നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ജിഷ്ണു കേസില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹൈ ക്കോടതി നടപടിക്കെതിരേയും സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പോലിസ് കണ്ടെത്തലുകളെ തളളിയ ഹൈക്കോടതി നിലപാടിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന തരത്തിലുള്ള നിരീക്ഷണങ്ങളായിരുന്നു ഹൈക്കോടതിയുടേത്. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുന്നത് തടയുകയാവും സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്കി ജനീവയില്‍ നടക്കുന്ന യുഎന്നിന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാവില്ല.

RELATED STORIES

Share it
Top