ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് ; പ്രഖ്യാപനം ഇന്ന്കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യൂതീകരണ സംസ്ഥാനത്തിന്റെ ഭാഗമായി ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്നു രാവിലെ 10ന് മന്ത്രി എം എം മണി നിര്‍വഹിക്കും. കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഇപി ലത, എംപിമാരായ പി കെ ശ്രീമതി, പി കരുണാകരന്‍, റിച്ചാര്‍ഡ് ഹേ, കെ കെ രാഗേഷ് സംബന്ധിക്കും. എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 13.66 കോടി ചെലവില്‍ 11,223 കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 5908 ബിപിഎല്‍ കുടുംബങ്ങളും 726 എസ്‌സി കുടുംബങ്ങളും 188 എസ്ടി കുടുംബങ്ങളും ഉള്‍പ്പെടും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതെന്ന് എഡിഎം ഇ മുഹമ്മദ് യൂസുഫ് പറഞ്ഞു. ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകള്‍ തര്‍ക്കമുന്നയിച്ച 60 കേസുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനായത് വലിയ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top