ജില്ലാ സമ്മേളനം നാളെ ആരംഭിക്കും; കുറവനെ അരിവാള്‍ ചുറ്റിക പിടിപ്പിച്ച് സിപിഐ

നെടുങ്കണ്ടം: സിപിഐ ജില്ലാ സമ്മേളനവേദിക്കു സമീപം നിര്‍മിച്ച കുറവന്‍-കുറത്തി ശില്‍പത്തില്‍ അരിവാള്‍ ചുറ്റിക. കുറവനെ അരിവാള്‍ ചുറ്റിക പിടിപ്പിച്ച” സിപിഐയുടെ ശില്‍പം വിവാദമാവുകയാണ്. ഒപ്പം കടുംചുവപ്പ് നിറവും പ്രതിമയ്ക്കു നല്‍കിയിട്ടുമുണ്ട്. ഇടുക്കിയുടെ മുഖച്ഛായ എന്നറിയപ്പെടുന്ന രാമക്കല്‍മേട്ടിലെ പ്രസിദ്ധ ശില്‍പമായ കുറവനും കുറത്തിയും പുതിയ ഭാവത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് നെടുങ്കണ്ടത്തു സ്ഥാപിച്ചത്. കുറവന്‍-കുറത്തി മലനിരകളെ ബന്ധിപ്പിച്ചാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചത്. നാളെ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണു ശില്‍പം പുതിയ രൂപത്തിലെത്തിയത്. 12 അടി ഉയരവും അഞ്ച് അടിയോളം വീതിയുമുള്ള ശില്‍പം നിര്‍മിച്ചിരിക്കുന്നത് നെടുങ്കണ്ടം സ്വദേശി പി.ടി. സത്യരാജനാണ്. രാമക്കല്‍മേട്ടില്‍ സ്ഥാപിച്ച യഥാര്‍ഥ പ്രതിമയില്‍ കുറവന്റെ കയ്യില്‍ പൂവന്‍കോഴിയാണ്. അതേസമയം, സിപിഐ ജില്ലാ സമ്മേളനം നാളെമുതല്‍ 14 വരെ നെടുങ്കണ്ടത്ത് നടക്കും. നാളെ വൈകിട്ട് പതാക, കൊടിമര, ദീപശിഖ ജാഥകള്‍ സമ്മേളന നഗറില്‍ സംഗമിക്കും. തുടര്‍ന്ന് സി.കെ.കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും. 11 നു വൈകിട്ട് മൂന്നിന് ചുവപ്പുസേന മാര്‍ച്ചും റാലിയും നടക്കുമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, കെ സലീംകുമാര്‍, മാത്യു വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. സമ്മേളനം സിപിഐ കേന്ദ്രസെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 12 നു രാവിലെ 11നു പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനു നടക്കുന്ന കാര്‍ഷിക സെമിനാര്‍ മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 13 നു പ്രതിനിധി സമ്മേളനത്തില്‍ മന്ത്രി കെ രാജു പ്രസംഗിക്കും.

RELATED STORIES

Share it
Top