ജില്ലാ വികസന സമിതിയോഗം :നിര്‍മാണ മേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് പ്രമേയംകൊല്ലം: ജില്ലയില്‍ പാറയും മണലും അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ പ്രമേയം. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ ചെറിയ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കണം. മണല്‍, ചുടുകട്ടയ്ക്കുള്ള ചെളി തുടങ്ങിയവ ശേഖരിക്കാന്‍ നിയമാനുസൃതമായ ലൈസന്‍സ് നല്‍കാനും അധികൃതരുടെ ഭാഗത്തു നിന്നും അവധാനപൂര്‍വമായ സമീപനം ഉണ്ടാകണം.കെട്ടിടനിര്‍മാണം, വിവിധ പാലങ്ങളുടെ നിര്‍മാണം, എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള പ്രവര്‍ത്തികള്‍ എന്നിവ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. വികസനത്തെ ഏറെ പിന്നോട്ടടിക്കുന്ന നിര്‍മാണമേഖലയിലെ അനിശ്ചതിവാസ്ഥക്ക് ഉടന്‍ പരിഹാരം കാണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഉപ്പൂട്, പേഴുംതുരുത്ത്, ശിങ്കാരപ്പള്ളി, ചീക്കില്‍ക്കടവ് ഭാഗത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ പതിവായി മുടങ്ങുന്നതിന് പരിഹാരം കാണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ചവറ മേഖയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍ വിജയന്‍പിള്ള എം എല്‍ എ ആവശ്യപ്പെട്ടു. കെ ഐ പി കനാലില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി ചവറ മണ്ഡലത്തില്‍ വെള്ളമെത്താത്ത സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കണം. കടപുഴ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുന്ന പാവുമ്പ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണം. സ്‌കൂള്‍ യൂനിഫോമുകളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിറ്റുമല ചിറയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. എ ഡി എം ഐ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top