ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യം

മലപ്പുറം: നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. മലബാറിന്റെ വ്യാപാര വാണിജ്യ മുന്നേറ്റത്തിനും യാത്രാ സൗകര്യവര്‍ധനയ്ക്കും പാത സഹായിക്കും. പാതയുടെ സര്‍വേയ്ക്കും വിശദ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കുന്നതിനും ആവശ്യമായ ഫണ്ട് ഡിഎംആര്‍സിക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസ് സ്ഥാപിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കി പുനരധിവാസത്തിനും ജീവിതമാര്‍ഗത്തിനും ആവശ്യമായ പദ്ധതികള്‍ നടപ്പാക്കണമെന്നും പൊന്നാനിയില്‍ തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തീരാത്ത
സാങ്കേതികത്വം
റോഡ് നവീകരണവും ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗവും ജല അതോറിറ്റി വകുപ്പും തമ്മിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. റോഡ് പണി നടക്കുമ്പോള്‍ തന്നെ പൈപ്പ് സ്ഥാപിക്കല്‍ നടത്തിയാല്‍ നിര്‍മാണം പൂര്‍ത്തിയായതിനുശേഷം വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാവും. മുള്ളമ്പാറ - കോണിക്കല്ല് റോഡ് ഈ സാങ്കേതികത്വത്തിന്റെ പേരില്‍ മുടങ്ങി കിടക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു.
വോള്‍ട്ടേജ് വേണം
ചേളാരി, ചെനക്കലങ്ങാടി, മാതാപ്പുഴ പ്രദേശങ്ങളിലെ വോള്‍ട്ടേജ് കുറവ് പരിഹരിക്കണമെന്നും വിമാനത്താവളത്തിലേക്ക് ചീക്കോട് കുടിവെള്ള പദ്ധതിയില്‍നിന്ന് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടു.
എംഎല്‍എമാരെ അറിയിക്കണം
എംഎല്‍എമാരുടെ ആസ്ഥി വികസന ഫണ്ടില്‍നിന്നുള്ള പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി നല്‍കുന്നതിന് മുമ്പായി ബന്ധപ്പെട്ട എംഎല്‍എമാരുമായി കൂടിയാലോചിച്ചുവേണം ഭരണാനുമിതി നല്‍കാനെന്ന് അഡ്വ. എം ഉമ്മര്‍ എംഎല്‍എ ആവശ്യപ്പെട്ടു. അങ്കണവാടി നിര്‍മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെന്നും എംഎല്‍എ പറഞ്ഞു.
കെഎസ്ആര്‍ടിസി പുനരാരംഭിക്കണം
മലപ്പുറത്തുനിന്ന് 4.50ന് പുറപ്പെട്ടിരുന്ന വണ്ടൂര്‍ - കാളികാവ് - നിലമ്പൂര്‍ കെഎസ്ആര്‍ടിസി പുനരാരംഭിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബസ് സമയം 5.15 ആക്കിയാല്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമാവുമെന്നും പി വി അബ്ദുല്‍ വഹാബ് എംപിയുടെ പ്രതിനിധി അബു സിദ്ദീഖ് അഭിപ്രായപ്പെട്ടു.
വനിതാ പോലിസ്
സ്‌റ്റേഷന്‍ എവിടെ?
ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുവദിച്ച വനിതാ പോലിസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ എന്ത് നടപടിയാണ് പോലിസ് അധികൃതര്‍ സ്വീകരിച്ചതെന്ന് പി ഉബൈദുല്ല എംഎല്‍എ ചോദിച്ചു. ജില്ലാ പോലിസ് മേധാവിയുമായി അന്വേഷിച്ച് വിവരമറിയിക്കാമെന്ന് പോലിസ് മേധാവിയുടെ പ്രതിനിധി യോഗത്തെ അറിയിച്ചു.
വെള്ളക്കെട്ട്
ഇല്ലാതാക്കണം
നിലമ്പൂര്‍ ബസ് സ്റ്റാന്റിനടുത്തുള്ള പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാവുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ് ആവശ്യപ്പെട്ടു. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം വിളിക്കണമെന്ന് ഡിഎംഒ നിര്‍ദേശിച്ചു.
പരിഹാരം
അനിവാര്യം
ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം. വീടില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുകയുമില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയുര്‍ന്നു.

RELATED STORIES

Share it
Top