ജില്ലാ ബാങ്കുകളിലെ അനധികൃത നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കണം

കണ്ണൂര്‍: കേരള ബാങ്ക് രൂപീകരണത്തിന്റെ മറവില്‍ അനധികൃത നിയമനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയുടെ ഇടപെടല്‍. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിലെ ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കമ്മിറ്റി നിര്‍ദേശം നല്‍കി. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ പരാതിയിലാണു നടപടി.
കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലാ സഹകരണ ബാങ്കുകളുടെയും ഭരണസമിതി അസാധുവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. തത്ത്വത്തില്‍ ഇത് ഭരണസമിതികള്‍ പിരിച്ചുവിടുന്നതില്‍ കലാശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഭരണമാണു ജില്ലാ ബാങ്കുകളില്‍ നടക്കുന്നത്. നിയമന നിരോധനമാണു ഫലത്തില്‍ ഈ മേഖലയിലുള്ളതെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ പറയുന്നു. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുന്നതും പുതിയ നിയമനം നടത്തുന്നതും ബ്രാഞ്ചുകള്‍ അനുവദിക്കുന്നതും നിരോധിച്ച് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയതോടെ നിലവിലെ റാങ്ക്പട്ടിക അനിശ്ചിതത്വത്തിലായി.
14 ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലാര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്കുള്ള നിയമനം 1995 മുതല്‍ പിഎസ്‌സി മുഖേനയാണു നടക്കുന്നത്. 2014ലെ വിജ്ഞാന പ്രകാരം 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 6000ത്തോളം ഉദ്യോഗാര്‍ഥികളുടെ നിയമനം അനിശ്ചിതത്വത്തിലാണ്. ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തേണ്ട 14 ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചായിരിക്കും കേരള ബാങ്ക് രൂപീകരണം. റാങ്ക് പട്ടികയ്ക്ക്് ഒരു വര്‍ഷത്തെ കാലാവധി ഉണ്ടെങ്കിലും 14 ജില്ലാ ബാങ്കുകളിലുമായി നടത്തിയ നിയമനങ്ങളുടെ എണ്ണം 192 മാത്രം. മറ്റു പട്ടിക ഇല്ലെങ്കില്‍ മൂന്നുവര്‍ഷം വരെ ഇതില്‍ നിന്നു നിയമനം നടത്താന്‍ ചട്ടം അനുവദിക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഒരു വര്‍ഷം നീണ്ടാല്‍ വിരമിച്ചവരുടെ ഒഴിവല്ലാതെ മറ്റു നിയമനാവസരത്തിനുള്ള സാധ്യത ഇല്ലാതെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയാവും. കേരള ബാങ്ക് രൂപീകരണ നടപടിക്രമങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് പറയാനാവില്ല.
എന്നാല്‍, കേരള ബാങ്ക് രൂപീകരണം നടക്കുന്നതു വരെ ഏര്‍പ്പെടുത്തിയ നിയമന നിരോധനം പിഎസ്‌സി മുഖേനയുള്ള നിയമനങ്ങള്‍ക്ക് ബാധകമല്ലെന്നാണു നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയുടെ വിശദീകരണം. ഉദ്യോഗാര്‍ഥികളുടെ അപേക്ഷയെ തുടര്‍ന്നു പിഎസ്‌സി മുഖേനയുള്ള നിയമനങ്ങള്‍ക്കു തടസ്സമില്ല എന്നു ഭേദഗതി പുറപ്പെടുവിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top