ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം

മലപ്പുറം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തില്‍ സാധന സാമഗ്രികള്‍ വാങ്ങിയതില്‍ അപാകതയുണ്ടെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഭരണ  പ്രതിപക്ഷ ബഹളം. ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ സ്‌കൂളുകള്‍ക്ക് വിവിധ ഉപകരണങ്ങള്‍ നല്‍കിയത് ശരിയായില്ലെന്നാരോപിച്ച് ഭരണപക്ഷ അംഗമായ ടി പി അഷ്‌റഫലിയാണ് ആദ്യം രംഗത്തെത്തിയത്.
വിവിധ സ്‌കൂളുകള്‍ക്ക് കംപ്യൂട്ടറും മറ്റ് ലാബ് ഉപകരണങ്ങളും നല്‍കിയത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ പോലും അറിഞ്ഞിട്ടില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങരുതെന്ന ഐടി അറ്റ് സ്‌കൂളിന്റെ നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തി. പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തില്‍ എടുത്ത തീരുമാനങ്ങള്‍ പരിശോധിക്കണമെന്നും ചിലവഴിച്ച തുകയുടെ കണക്കുകള്‍ പരിശോധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങളായ എം ബി ഫൈസലും ടി കെ റഷീദലിയും ആവശ്യപ്പെട്ടു.
30 കോടിയോളം രൂപയുടെ പര്‍ച്ചേസിങ് ആണ് സാമ്പത്തിക വര്‍ഷാവസാനം നടത്തിയതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും പല പദ്ധതികളുടെയും പ്രവൃത്തികള്‍ തീരുന്നതിനു മുമ്പേ ബില്ല് എഴുതിയതായും അവര്‍ അരോപിച്ചു. എന്നാല്‍ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാന പ്രകാരം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമാണ് വിവിധ ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു. ഇതില്‍ യാതൊരു അഴിമതിയില്ലെന്നും അന്വേഷണം നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്താണ് എല്ലാ പ്രവൃത്തികളും നടത്തിയിട്ടുള്ളതെന്ന് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടനും വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരേ വികസനകാര്യ സ്ഥിരം സമതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കലും രംഗത്തെത്തി. 2018 - 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിള്‍ ഉ ള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട പദ്ധതികള്‍ 2017 - 18ല്‍ തന്നെ ഉള്‍പ്പെടുത്തി നേരത്തെ നല്‍കുകയാണ് ചെയ്തത്. 32 സ്‌കൂള്‍ ബസുകളാണ് വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്തി ന ല്‍കിയത്. ഉള്‍പ്പാദന മേഖലയില്‍ ചെലവഴിക്കാത്ത തുക പിന്‍വലിച്ചാണ് ബസുകള്‍ വാങ്ങിയിട്ടുള്ളത്. എന്നാല്‍ പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തിന്റെ മുന്നേറ്റത്തില്‍ അസൂയയും അസഹിഷ്ണുതയും പ്രകടിപ്പിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചത് ഭരണപക്ഷ അംഗം തന്നെയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ മാതൃകാപരമായി പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കറില്‍ നിന്നും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ ഭരണ സമിതിയാണ് നിലവില്‍ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നതെന്ന് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വകുപ്പ് മന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചതാണ്. ആ മന്ത്രിയുടെ തന്നെ പാര്‍ട്ടിക്കാര്‍ പദ്ധതികള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ ദുരൂഹതയുണ്ട്. ഒന്നും മറച്ചുവക്കാനില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ - നഞ്ചന്‍കോട് പാത യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇടപെടലുകള്‍ കാര്യക്ഷമമാക്കണമെന്ന് ഇസ്മാഈല്‍ മൂത്തേടം ആവശ്യപ്പെട്ടു. പാതക്ക് വേണ്ടി വയനാട്ടില്‍ നടക്കുന്ന ജനകീയ സമരം മാതൃകയാക്കണം. പദ്ധതി യാഥാര്‍—ഥ്യമായാല്‍ ജില്ലയുടെ മുഖച്ഛായ തന്നെ മാറും. അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും യോഗം ചേരാനും തീരുമാനമായി.

RELATED STORIES

Share it
Top