ജില്ലാ പഞ്ചായത്ത് മൊബൈല്‍ ആപ്പ് ഇനി മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും

വടകര: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എജ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ആപ്പ് ഇനി മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും എത്തും. ആപ്പിന്റെ പരിശീലനം കോഴിക്കോട് ഐടി അറ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടന്നു. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്നിവിടെ നിന്നും ഓരോ പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തില്‍ വിദ്യാലയ തലത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും തുടര്‍ പരിശീലനം നല്‍കും. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലനത്തിന് ടീം ഡയറക്ടര്‍ ടിപി മുഹമ്മദ് ഫവാസ് നേതൃത്വം നല്‍കി. രക്ഷാകര്‍ത്താക്കളുമായി കുട്ടികളുടെ പാഠ്യ പാഠ്യേതര വിവരങ്ങള്‍ സംവദിക്കുന്നതിനും വിദ്യാലയ രക്ഷാകര്‍തൃ ബന്ധം ദൃഢമാക്കുന്നതിനുമാണ് പദ്ധതി. സെപ്തംബര്‍ അവസാന വാരത്തോടുകൂടി മുഴുവന്‍ രക്ഷാകര്‍ത്താക്കളെയും മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കാന്‍ കഴിയും. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. കുട്ടിയുടെ ഹാജര്‍ നില, വൈകിവന്ന വിരവരങ്ങള്‍, ലൈബ്രറി ഉപയോഗം, രക്ഷിതാക്കള്‍ അറിയാതെ ക്ലാസില്‍ വരാതിരിക്കല്‍ തുടങ്ങിയവ അതാത് സമയം തന്നെ രക്ഷിതാക്കള്‍ക്ക് ഈ ആപ്പ് വഴി അറിയാം. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്‌കൂളുകളില്‍ ഇത്തരം കുട്ടികളുടെ പ്രവണതയില്‍ വലിയ മാറ്റുമുണ്ടായിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ചോദ്യപ്പേപ്പറുകള്‍, വിര്‍ച്വല്‍ പാഠഭാഗങ്ങള്‍, ഈ ടെസ്റ്റ് ബുക്കുകള്‍, ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍, ലഹരി വിരുദ്ധ കൗണ്‍സിലിങ്ങ്, മറ്റു പഠന സാമഗ്രികള്‍ മുതലായവ മൊബൈല്‍ ആപ്പ് വഴി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താ ന്‍ സാധിക്കും. ഒക്ടോബര്‍ 1മുതല്‍ യാഥാര്‍ഥ്യമാവും. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ച് സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായതോടെയാണ് എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. 44 സര്‍ക്കാര്‍ ഹൈസ്‌കൂളിലും ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ സ്‌കൂളിലുമുള്ള ഒരാളെ തിരഞ്ഞെടുത്ത് അഡ്മിന്‍മാരാക്കി ഇവര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ പദ്ധതി നടപ്പാക്കിത്തുടങ്ങുന്നതോടെ മറ്റു അധ്യാപകര്‍ക്കും പരിശീലനം നല്‍കും. കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരും ഫോണ്‍ നമ്പറും ഉള്‍പ്പടെയുള്ള വിവരം അഡ്മിന്‍മാരാണ് ആപ്പിലേക്ക് നല്‍കുന്നത്. ഇത് ഉടന്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് ഒരു ദിവസം രക്ഷിതാക്കള്‍ക്കും ഈ ആപ്പിനെ സംബന്ധിച്ചുള്ള പരിശീലനം നല്‍കും. കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി മധു പങ്കാളികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെആര്‍ അജിത് അധ്യക്ഷത വഹിച്ചു. എജ്യൂകെയര്‍ കോ-ഓര്‍ഡിനേറ്റര്‍ യുകെ അബ്ദുന്നാസര്‍ പദ്ധതി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഡ്മിനായ ബാലുശ്ശേരി ഗവ. ജിഎച്ച്എസ്എസിലെ അധ്യാപകന്‍ സിജുരാജനെ ചടങ്ങില്‍ ആദരിച്ചു. പരിശീലനം പൂര്‍ത്തിയായ മുഴുവന്‍ അധ്യാപകര്‍ക്കും ജില്ലാ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കി. കോഴിക്കോട് ആസ്ഥാനമായ യുബിസ്‌കൈ ടെക്‌നോളജിസ് ആണ് ജില്ലാ പഞ്ചായത്തിന് വേണ്ടി എഡ്യുമിയ ആപ്പ് രൂപ കല്‍പ്പന ചെയ്തത്.

RELATED STORIES

Share it
Top