ജില്ലാ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതി രേഖയ്ക്ക് അംഗീകാരംകോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അംഗീകാരം. ജില്ലയുടെ കാര്‍ഷികോല്‍പാദന രംഗത്തിന്റെ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്ന് പ്രസിഡന്റ് ബാബു പറശേരി ചൂണ്ടിക്കാട്ടി. എന്നാല്‍, ബജറ്റിലെ നിര്‍ദേശത്തില്‍ നിന്ന് പല പ്രധാന പദ്ധതികളും ഒഴിവാക്കിയതായും ഡിവിഷന്‍ അംഗങ്ങളുടെ നിര്‍ദേശം മറി കടന്നാണ് പല പദ്ധതികളും നിശ്ചയിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ 15,000 സ്ഥലങ്ങളില്‍ കിണര്‍ റീച്ചാര്‍ജിങ് പദ്ധതി നടപ്പാക്കുന്നതിനായി ഈ വര്‍ഷം ആകാശ ഗംഗ എന്ന പേരില്‍ പദ്ധതി ആരംഭിക്കും. 1.65 കോടിയാണ് പദ്ധതി ചെലവ്. തൊഴിലുറപ്പ് പദ്ധതി കൂടി യോജിപ്പിച്ച് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ സഹകരിപ്പിച്ച് സംയുക്ത പദ്ധതിയായാണ് നടപ്പാക്കുക. ജില്ലയിലെ ഫാമുകള്‍ ആധുനിക രീതിയില്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ 44 സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നടപ്പാക്കുന്നതിനായി ഒരു സ്‌കൂളിന് ഒരു കോടി വീതം നല്‍കും. പ്രധാന ജലസ്രോതസായ മാമ്പുഴ നദിയെ മാലിന്യ വിമുക്തമാക്കുന്നതിനായി സംയുക്ത പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകള്‍, മൂന്ന് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 1.75 കോടിയുടെ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം നല്‍കും. മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 25 ലക്ഷം വീതവും വഹിക്കും. ജില്ലയില്‍ പത്ത് സ്ഥലങ്ങളിലായി മികച്ച സ്റ്റേഡിയം നിര്‍മിക്കും. 14.50 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിക്കുക. അഴിയൂര്‍, നൊച്ചാട്, മാവൂര്‍, വളയം, നിരവുമ്മല്‍, വാണിമേല്‍ മാമ്പിലാക്കൂല്‍, ചെറുവാടി, ചേളന്നൂര്‍, അഗസ്ത്യമുഴി, വേളം, കടലുണ്ടി എന്നിവിടങ്ങളിണ് സ്റ്റേഡിയം നിര്‍മിക്കുക. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. ജില്ലയില്‍ 27 കുളങ്ങള്‍ നവീകരിക്കുകയും നിര്‍മിക്കുകയും ചെയ്യും. 4.50 കോടിയാണ് പദ്ധതി ചെലവ്. 25 കുടിവെള്ള പദ്ധതികളും നടപ്പാക്കും. 2.50 കോടിയാണ് പദ്ധതി ചെലവ്. ഈ മാസം 31നകം തന്നെ പദ്ധതികള്‍ ഡിപിസിക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.  യോഗത്തില്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ റീന മുണ്ടേങ്ങാട്ട്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി ജി ജോര്‍ജ് മാസ്റ്റര്‍, പി കെ സജിത, സുജാത മനക്കല്‍, അംഗങ്ങളായ എ കെ ബാലന്‍, എ ടി ശ്രീധരന്‍, വി ഡി ജോസഫ്, സി കെ കാസിം, അന്നമ്മ മാത്യു, ഷറഫുന്നിസ, താഴെത്തയില്‍ ജുമൈലത്ത്, എം എ ഗഫൂര്‍,വി ഷക്കീല, ആര്‍ ബാലറാം, ടി കെ രാജന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top