ജില്ലാ പഞ്ചായത്തിന്റെ വയോജനക്ഷേമം പദ്ധതിക്ക് തുടക്കം

കണ്ണൂര്‍: വയോജനങ്ങള്‍ക്കായുള്ള പകല്‍വീടുകളില്‍ വ്യായാമത്തിനും വിനോദത്തിനും അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ വയോജനക്ഷേമം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കടമ്പൂര്‍ പഞ്ചായത്തിലെ പനോന്നേരി വയോജനകേന്ദ്രത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.
വയോജനങ്ങള്‍ക്കായി ആശ്വാസത്തിന്റെ സ്‌നേഹസ്പര്‍ശമാണ് പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ വയോജന വിശ്രമകേന്ദ്രങ്ങളെ ആരോഗ്യ സംരക്ഷണ പാര്‍ക്കുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണിതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. 1.5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 37 പകല്‍വീടുകള്‍ക്ക് മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്‍കി. ബാക്കി കേന്ദ്രങ്ങളില്‍കൂടി പദ്ധതി നടപ്പാക്കും. ടിവി, ട്രെഡ്മില്‍, എക്‌സൈസിങ് സൈക്കിള്‍, ഈസിചെയര്‍, വീല്‍ ചെയര്‍, കൊമ്മോഡ് വീല്‍ ചെയര്‍, വാക്കര്‍, വാക്കിങ് സ്റ്റിക്ക്, എയര്‍ബെഡ്, ബാക്ക് റെസ്റ്റ്, വെയിങ് സ്‌കെയില്‍, അഡ്ജസ്റ്റബ്ള്‍ കോട്ട്, ഹോട്ട്ബാഗ്, കാരംബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്റ്റീല്‍ ടംബ്ലര്‍, ഗ്ലാസ്, ബക്കറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഇതിനുപുറമെ, ഗവ. ആയുര്‍വേദ ജില്ലാ ആശുപത്രിയിലേക്ക് രണ്ടു ട്രെഡ് മില്ലുകള്‍ നല്‍കി.
അത്യാവശ്യക്കാര്‍ക്ക് വാട്ടര്‍ ബെഡ്, വീല്‍ ചെയര്‍ തുടങ്ങിയവ നിശ്ചിതസമയത്തേക്ക് വീടുകളിലേക്ക് കൊണ്ടുപോയി ഉപയോഗിക്കുകയും ചെയ്യാം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് എം സി മോഹനന്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാ ന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗങ്ങളായ പി ഗൗരി, അജിത്ത് മാട്ടൂല്‍, സാമൂഹികനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ രാജീവന്‍, ജനപ്രതിനിധികള്‍ സംസാരിച്ചു.

RELATED STORIES

Share it
Top