ജില്ലാ ജിയോളജിസ്റ്റിന്റെ താമസസ്ഥലത്ത് വിജിലന്‍സ് പരിശോധന

പത്തനംതിട്ട: ജില്ലാ ജിയോളജിസ്റ്റിന്റെ താമസസ്ഥലത്ത് വിജിലന്‍സ് റെയ്ഡ്. കണക്കില്‍പ്പെടാത്ത 2.14 ലക്ഷം രൂപ പിടിച്ചെടുത്തു. പേട്ട പള്ളിമുക്ക് നികുഞ്ജം ഹെറിറ്റേജില്‍ ഫഌറ്റ് നമ്പര്‍ എ മൂന്നില്‍ എം എം വഹാബില്‍ നിന്നാണ് പണം പിടികൂടിയത്.
പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി പി ഡി ശശി, ഇന്‍സ്‌പെക്ടര്‍മാരായ ബൈജുകുമാര്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ആറരയോടെയാണ് വഹാബിന്റെ താമസസ്ഥലമായ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ പരിശോധന നടത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച വ്യക്തമായ ഉത്തരം നല്‍കാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടില്ല. പണത്തിന്റെ കണക്ക് ഇന്നു ഹാജരാക്കാത്ത പക്ഷം ജിയോളജിസ്റ്റിനെ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് വീട്ടിലേക്കു പോവുന്ന വഹാബ് ചൊവ്വാഴ്ച രാവിലെയാണ് ഓഫിസില്‍ വരുന്നതെന്നും മണ്ണ്, ക്വാറി ലോബികളില്‍ നിന്നു താമസസ്ഥലത്ത് വച്ച്് കൈക്കൂലി വാങ്ങാറുണ്ടെന്നും വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നുമാസമായി ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, സംഭവത്തില്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. മണ്ണ് ലോബിയുമായി ബന്ധമുള്ള വ്യക്തിയുടെ വാഹനത്തില്‍ ഇദ്ദേഹം ഇന്നലെ ഓഫിസില്‍ നിന്ന് ആഡംബര ഹോട്ടലില്‍ വന്നിറങ്ങിയതിനു പിന്നാലെയാണ് പരിശോധന നടത്തിയത്.
വഹാബ് ജിയോളജിസ്റ്റായി എത്തിയ ശേഷം ജില്ലയില്‍ വ്യാപകമായി പാറമടകള്‍ക്കും മണ്ണുഖനനത്തിനും അനുമതി നല്‍കിയിരുന്നു. അടൂര്‍ താലൂക്കിലാണ് ഏറ്റവുമധികം മണ്ണുഖനനം നടക്കുന്നത്. ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റര്‍ അകലെ ആറന്മുളയിലാണ് ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസ്. അവിടെ താമസിക്കാതെ കിലോമീറ്ററുകള്‍ താണ്ടി പത്തനംതിട്ടയിലെ ഹോട്ടലി ല്‍ താമസിക്കുന്നത് കൈക്കൂലി വാങ്ങാന്‍ വേണ്ടിയാണെന്ന് പരിസ്ഥിതി സംഘടനകളും ആരോപിച്ചിരുന്നു. പണം സംബന്ധിച്ച രേഖകള്‍ ഇന്നു ഹാജരാക്കാമെന്ന ഉറപ്പില്‍ വഹാബിനെ തല്‍ക്കാലത്തേക്കു വിട്ടയച്ചു.

RELATED STORIES

Share it
Top