ജില്ലാ കിസാന്‍ മേള ഇന്നുമുതല്‍ പട്ടാമ്പിയില്‍; 42 സ്റ്റാളുകള്‍ ഒരുങ്ങി

പട്ടാമ്പി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പാലക്കാട് ജില്ല കിസാന്‍ മേള 5, 6 തിയ്യതികളിലായി പട്ടാമ്പി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അറിയിച്ചു.
5ന് രാവിലെ 9.30ന് പി കെ ബിജു എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന കാര്‍ഷിക പ്രദര്‍ശനം കെ വി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 6ന് വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.
വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദാലി മാസ്റ്റര്‍ വിതരണം ചെയ്യും.
മേളയില്‍ 42 സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാമ്പഴങ്ങളുടെ പ്രദര്‍ശനം, വിവിധയിനം ചക്ക ഉല്‍പന്നങ്ങളുമായി ചക്കവണ്ടി, ഗുണമേന്‍മയുള്ള വിവിധ ഇനം പ്ലാവ്, മാവ്, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വിള ആരോഗ്യ ക്ലിനിക്, ഇക്കോ ഷോപ്പുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, നാടന്‍ പച്ചക്കറിയുടെയും പഴങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും, കൂടാതെ എഫ്‌ഐബി, വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, ഐ ആര്‍ടിസി, ആര്‍എ ആര്‍എസ് പട്ടാമ്പി, കെവികെ പാലക്കാട്, ആത്മ പാലക്കാട്, എസ്എച്ച്എം എന്നിവയുടെ പ്രത്യേക സ്റ്റാളുകള്‍, മൃഗ സംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും.

RELATED STORIES

Share it
Top