ജില്ലാ കലോല്‍സവത്തിന് ഇന്ന് അരങ്ങുണരും

കോതമംഗലം: അഞ്ചു ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന ജില്ലാ കലോല്‍സവത്തിന് ഇന്ന് തിരിതെളിയും. 28 മുതല്‍ ജനുവരി 1 വരെ നടക്കുന്ന റവന്യൂ ജില്ലാ കലോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എട്ടു വര്‍ഷത്തിനു ശേഷമാണ് കോതമംഗലം ജില്ലാ കലോല്‍സവത്തിന് വേദിയാവുന്നത്.
ഒന്‍പത് ഇടങ്ങളിലായി പതിനാറ് വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ അരങ്ങേറുക. അഞ്ചുദിനം നീളുന്ന കലയുടെ മാമാങ്കത്തില്‍ എണ്ണായിരത്തോളം കൗമാര പ്രതിഭകള്‍ പങ്കെടുക്കും. മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ് മല്‍സരങ്ങളുടെ പ്രധാനവേദി. സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍, സെന്റ് ജോര്‍ജ് സ്‌കുള്‍, ഗവ. ടൗണ്‍ യുപി സ്‌കൂള്‍, ഗവ. എല്‍പിജി സ്‌കൂള്‍, കലാ ഓഡിറ്റോറിയം, മുനിസിപ്പല്‍ ഓഡിറ്റോറിയം, ലയണ്‍സ് ക്ലബ് ഹാള്‍, ഹോളിഡേ ക്ലബ് ഹാള്‍ എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍. നാളെ രാവിലെ എട്ടിന് മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ പതാക ഉയര്‍ത്തും. സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ബാന്റ് മേള മത്സരത്തോടെ കലോല്‍സവങ്ങള്‍ക്ക് തുടക്കമാവും.
ഉച്ച കഴിഞ്ഞ് 2.30ന് മാര്‍ത്തോമ ചെറിയ പള്ളി അങ്കണത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് നാലിന് മാര്‍ ബേസില്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ടി യു കുരുവിള എംഎല്‍എ അധ്യക്ഷത വഹിക്കും. ജോയ്‌സ് ജോര്‍ജ് എം പി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു , ഡിഡിഇ എം കെ ഷൈന്‍മോന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷെമീര്‍ പനക്കല്‍, കണ്‍വീനര്‍ സി കെ സാജു തുടങ്ങിയവര്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറയിലായിരുന്നു കലോല്‍സവം. യുപി, എച്ച്എസ്, എച്ച്എസ് എസ്, അറബിക്, സംസ്‌കൃതം എന്നി വിഭാഗങ്ങളിലായി സബ് ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ .

RELATED STORIES

Share it
Top