ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ ജില്ലാ കലക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടാവാശ്യപ്പെട്ടു. യൂനിറ്റിന്റെ അനുമതി, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ജിയോളജിസ്റ്റ് എന്നിവരും റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു.
തൃശൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങിലാണ് കമ്മീഷന്റെ ഉത്തരവ്. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ ജയില്‍ ഡിജിപിയോട് കമ്മീഷന്‍ വിശദീകരണം തേടി. പത്ത് വര്‍ഷമായി ജീവപര്യന്തം തടവില്‍ കഴിയുന്ന ശിവന്‍ എന്നയാളിന്റെ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നട്ടെല്ലിനെ ബാധിക്കുന്ന ആംഗുലൈസിംഗ് സ്‌പോണ്ടിലോസിസ് ബാധിതരായവര്‍ക്ക് സൗജന്യ ചികിത്സ കാരുണ്യ സഹായം, മരുന്നുകളുടെ വില നിയന്ത്രണം എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കണ്ണായിക്കല്‍ സൈജോ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ വിശദീകരണം തേടി.
സാമൂഹ്യ നീതി, ആരോഗ്യവകുപ്പ് സെക്രട്ടറിമാരില്‍ നിന്നാണ് കമ്മീഷന്‍ വിശദീകരണം തേടിയത്. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആയിഷാബിയുടെ മരണം സംബന്ധിച്ച് തൃശൂര്‍ എസിപി യോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൊത്തം 12 പുതിയ പരാതി—കളടക്കം 67 കേസുകള്‍ പരിഗണിച്ച കമ്മീഷന്‍ 16 കേസുകള്‍ തീര്‍പ്പാക്കി.

RELATED STORIES

Share it
Top