ജില്ലാ ആശുപത്രി റോഡില്‍ വന്‍കുഴികള്‍ ; അപകടങ്ങള്‍ പതിവ്മാനന്തവാടി: ജില്ലാശുപത്രി റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങള്‍ പതിവായി ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. എന്നാല്‍ വിവിധ വകുപ്പുകള്‍ ഇതിന് പരിഹാരം കാണാതെ പരസ്പരം പഴിചാരാന്‍ ശ്രമിക്കുകയാണ്. കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കാനായി കുഴിച്ച കുഴികള്‍ ശരിയാവണ്ണം മൂടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കുഴി മൂടിയ ഭാഗങ്ങളിലെ മണ്ണ് മഴയത്ത് വന്‍തോതില്‍ ഒഴുകിപ്പോയതോടെയാണ് നഗരസഭാ ഓഫിസ് മുതല്‍ പഴശ്ശികുടീരം വരെയുള്ള ഭാഗങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടത്. ജില്ലാ ആശുപത്രി, പഴശ്ശികുടീരം, രജിസ്ട്രാര്‍ ഓഫിസ്, ബി ആര്‍ സി എന്നിവിടങ്ങളിലെക്കെല്ലാം നിത്യേന ഈ റോഡിലൂടെയാണ് നിരവധി വാഹനങ്ങള്‍ കടന്നു പോവുന്നത്. മണ്ണെടുത്ത ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള ചാലുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതാണ് ഗതാഗതകുരുക്കിനു കാരണമാവുന്നത്. ആശുപത്രിയിലേക്കെത്തുന്ന ആംബുലന്‍സുകള്‍ പോലും മണിക്കുറുകളോളമാണ് പതിവായി ഗതാഗത കുരുക്കില്‍പ്പെടുന്നത്. ഇതെല്ലാം കണ്ടിട്ടും അധികൃതര്‍ നിസംഗത തുടരുകയാണെന്നാണ് ആക്ഷേപം. കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും നിത്യസംഭവമാണ്. മധ്യവേനലവധിക്കാലമായതിനാല്‍ പഴശ്ശികുടീരത്തിലേക്ക് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തുന്നത് ഗതാഗതകുരുക്ക് ഇരട്ടിയാക്കുന്നു. പഴശ്ശികുടീരത്തിലേക്കുള്ള വഴിയിലെ സ്ലാബുകള്‍ തകര്‍ന്നത് സ്‌കൂള്‍ തുറക്കുന്നതോടെ സമീപത്തെ വിദ്യാലയത്തിലെ കുട്ടികള്‍ക്കും ദുരിതമായി മാറും. കാല്‍നടയാത്രക്കാര്‍ക്കും റോഡിലെ കുഴികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. കേബിള്‍ സ്ഥാപിക്കുന്നതിനും, കുടിവെള്ള വിതരണത്തിനുമായുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിളിച്ച് ചേര്‍ത്ത വിപുലമായ യോഗത്തില്‍ കുഴികള്‍ 24 മണിക്കൂറിനകം മൂടണമെന്ന് കര്‍ശനമായി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. കുഴികള്‍ റോഡരികിലെ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുകയാണ് മഴ പെയ്യുമ്പോള്‍ ചെളി നിറഞ്ഞ വെള്ളവും, അല്ലാത്ത സമയങ്ങളില്‍ പൊടിയും വ്യാപാര സ്ഥാപനങ്ങളിലെക്കെത്തുകയാണ്. ദിവസങ്ങളായി റോഡു തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിയും പരസ്പരം പഴിചാരി ഒഴിഞ്ഞ് മാറുകയാണെന്നും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top