ജില്ലാ ആശുപത്രി കെട്ടിട നിര്‍മാണം നിയമക്കുരുക്കില്‍

വടകര: ഏഴു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയ്ക്ക് വേണ്ടി നിര്‍മാണം ആരംഭിച്ച കെട്ടിടം നിയമക്കുരുക്കിനെ തുടര്‍ന്ന് പാതി വഴിയില്‍. 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മാണം ആരംഭിച്ച ഏഴു നില കെട്ടിടത്തിന്റെ പ്രവൃത്തിയാണ് നിയമ കുരുക്ക് കാരണം നിലച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് കോടി ചെ ലവില്‍ നിര്‍മിച്ച ഇരു നില കെട്ടിടം നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ കെട്ടിടത്തിന് മുകളിലാണ് വീണ്ടും നാലു നില കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 13.07 കോടി അനുവദിച്ചത്.
ആശുപത്രിക്ക് അനുയോജ്യമായ കെട്ടടമല്ല നിര്‍മിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നാലു നില കെട്ടിട നിര്‍മാണത്തിന് ആറര കോടിയും, ലിഫ്റ്റ് നിര്‍മാണം, ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്ക് ബാക്കിയുള്ള തുകയും വിനിയോഗിക്കാനാണ് പിഡബ്ല്യുഡി ടെന്‍ഡര്‍ നല്‍കിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. കെട്ടിട നിര്‍മാണത്തിന് ശേഷമാണ് രണ്ടാം ഘട്ട ജോലികള്‍ നടക്കുകയുള്ളൂ. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ കമ്പനി അധികൃതരെ പിഡബ്ല്യുഡി അധികൃതര്‍ സമീപിച്ചപ്പോള്‍ ഒപ്പിടാന്‍ തയ്യാറാവാതെ ഇവര്‍ കോടതിയെ സമീപിച്ചതാണ് നിര്‍മാണം പാതി വഴിയിലായത്.
ജിഎസ്ടിയായി അടക്കേണ്ട തുക എസ്റ്റിമേറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടത് പിഡബ്ല്യുഡി അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ കാരണം. നിയമ കുരുക്കില്‍ പെട്ടതോടെ കെട്ടിട നിര്‍മാണത്തിന്റെ പ്രവൃത്തിയും നിലച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. സംഭവത്തിന്റെ പാശ്ചാതലത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഇക്കാര്യം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യമന്ത്രി, പൊതു മരാമത്ത്മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ സികെ നാണു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരെ യോഗം ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ മാസം 20ന് തിരുവനന്തപുരത്ത് വച്ച് യോഗം ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം.
അതേസമയം വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണം സ്തംഭിക്കാനിടയായ സാഹചര്യം കലക്ടര്‍ യുവി ജോസ് നേരിട്ട് പരിശോധിക്കാനും പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും കഴിഞ്ഞ മാസം ചേര്‍ന്ന ജില്ലാ വികസന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം മേല്‍നോട്ടം വഹിക്കുന്ന നിര്‍മാണ പ്രവൃത്തി രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്നത് ആശുപത്രിയുടെ നടത്തിപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്നും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
കരാറുകാര്‍ കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള ഫയലുകള്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നുമാണ് അന്നത്തെ യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ താലൂക്കിന്റെ പ്രധാന ആരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തിന് ഇതുവരെയായിട്ടില്ലെന്ന് മാത്രമല്ല കലക്ടര്‍ ഇവിടെ പരിശോധന നടത്താനും ഇതുവരെ തയ്യാറായിട്ടില്ല.

RELATED STORIES

Share it
Top