ജില്ലാ ആശുപത്രിയില്‍ മുഴു സമയ സിടി സ്‌കാന്‍ സൗകര്യം

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഇനിമുതല്‍ 24 മണിക്കൂറും സിടി സ്‌കാന്‍ സൗകര്യം ലഭ്യമാവും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പുതുതായി റേഡിയോളജിസ്റ്റിനെ കൂടി നിയമിച്ചാണ് മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ സ്‌കാനിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി അടിയന്തര സാഹചര്യങ്ങളില്‍ രോഗിയെ സ്‌കാനിങിന് വിധേയമാക്കുകയും ഫലം ഓണ്‍ലൈനായി എച്ച്എല്‍എല്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ്) ന്റെ മെഡിക്കല്‍ വിങിന് അയച്ചുനല്‍കുകയും ചെയ്യും. അവിടെയുള്ള വിദഗ്ധ ഡോക്ടര്‍ റിസല്‍ട്ട് പരിശോധിച്ച ശേഷം റിപോര്‍ട്ട് തയ്യാറാക്കി അരമണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി തിരികെ ജില്ലാ ആശുപത്രിയിലേക്ക് അയക്കും. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വേഗം തന്നെ രോഗിക്ക് ചികില്‍സ നല്‍കാന്‍ കഴിയും. സ്‌കാനിങിനു ശേഷം ഉടന്‍ തന്നെ ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് പ്രാഥമിക ചികില്‍സ ആരംഭിക്കാവുന്നതാണെങ്കിലും വിദഗ്ധാഭിപ്രായം ലഭ്യമാവേണ്ട സാഹചര്യത്തില്‍ മാത്രമായിരിക്കും റിസല്‍ട്ട് ഓണ്‍ലൈനായി അയക്കേണ്ടി വരികയുള്ളൂ എന്നതും പ്രത്യേകതയാണ്. നിലവില്‍ തലയ്ക്ക് പരിക്കേല്‍ക്കുന്ന രോഗികളെ സ്‌കാനിങിനായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് കൊണ്ടുപോവുന്നത്. പിന്നീട് റിപോര്‍ട്ട് ലഭിച്ച ശേഷം തിരികെ ജില്ലാ ആശുപത്രിയില്‍ വരികയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ചികില്‍സ ലഭ്യമാവുന്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണോ അതോ ജില്ലാ ആശുപത്രിയില്‍ തന്നെ ചികില്‍സ നല്‍കണോയെന്നു തീരുമാനിക്കുകയുമാണ് ചെയ്തുവരുന്നത്. ഇതു ചികില്‍സ വൈകുന്നതിനു കാരണമാവാറുണ്ട്. കൂടാതെ നിസ്സാര പരിക്കാണെങ്കില്‍ ആംബുലന്‍സ് വാടകയും മറ്റുമായി രോഗിക്കും ബന്ധുക്കള്‍ക്കും സാമ്പത്തിക ബാധ്യതയും സമയനഷ്ടവും വരുത്തിവയ്ക്കുകയും ചെയ്യും. ഇത്തരം ദുരിതങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്.

RELATED STORIES

Share it
Top