ജില്ലാ ആശുപത്രിയില്‍ മാമോഗ്രാം പ്രവര്‍ത്തനസജ്ജമായി

മാനന്തവാടി: ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായി മാമോഗ്രാം പ്രവര്‍ത്തന സജ്ജമായി. സ്തനങ്ങളിലെ അര്‍ബുദം എറ്റവും നേരത്തെ കണ്ടെത്താന്‍ കഴിയുന്ന പ്രത്യേകതരം എക്‌സ്‌റേ പരിശോധനയാണ് മാമോഗ്രാം. സ്തനങ്ങളില്‍ മുഴകള്‍ കാണുന്നതിന് 1 മുതല്‍ 3 വര്‍ഷം മുമ്പ് തന്നെ മാമോഗ്രാം വഴി ഇവ കണ്ടെത്തുകയും അതുവഴി കൂടുതല്‍ ഫലപ്രദമായി ചികില്‍സിക്കുകയും ചെയ്യാം.
മാമോഗ്രാം പരിശോധനയ്ക്കു വരുന്നവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ആഭരണങ്ങള്‍ ഒഴിവാക്കുകയും വേണം. ടാല്‍ക്കം പൗഡര്‍, ശരീര ദുര്‍ഗന്ധം അകറ്റാനുള്ള സ്‌പ്രേകള്‍, ലോഷന്‍ മുതലായവ ഒഴിവാക്കേണ്ടതാണ്. ഇവ മാമോഗ്രാമില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും കാന്‍സറാണെന്ന തെറ്റിദ്ധാരണക്കിടയാക്കുകയും ചെയ്യും. ജില്ലയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുങ്ങുന്നത്. സ്വകാര്യ ആശുപത്രികളില്‍ പോലും പരിശോധനയ്ക്കു സംവിധാനമില്ലാത്തതിനാല്‍ രോഗികള്‍ക്ക് ഇതര ജില്ലകളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.
ഇതു നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ബാധ്യതയും വരുത്തിവയ്ക്കുന്നു. യൂനിറ്റ് ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. ആദിവാസി വിഭാഗങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ് ചികില്‍സ. ബിപിഎല്‍ വിഭാഗക്കാര്‍ക്കും പ്രത്യേക ആനൂകൂല്യങ്ങള്‍ ലഭിക്കും. കോഴിക്കോടുള്‍പ്പെടെ സ്വകാര്യ ആശുപത്രികളില്‍ വന്‍ നിരക്കാണ് മാമോഗ്രാം പരിശോധനയ്ക്ക് ഈടാക്കുന്നത്. ജില്ലാ ആശുപത്രിയില്‍ സംവിധാനമാരംഭിച്ചത് സാധാരണക്കാര്‍ക്ക് ഏറെ അനുഗ്രമാവും.

RELATED STORIES

Share it
Top