ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍-രോഗി തര്‍ക്കം പതിവാകുന്നു

പാലക്കാട്: ജില്ല ആശുപത്രിയില്‍ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍, നഴ്‌സുമാരുമായുള്ള വാക്ക് തര്‍ക്കം പതിവാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.
എന്നാല്‍, മതിയായ ചികില്‍സയോ പരിചരണമോ കിട്ടിയില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ തലശേരി സ്വദേശി അമീറും ഇന്നലെ കിണാശേരി പട്ടിക്കാട് ഹൗസ് പരമേശ്വരനുമാണ് മരണപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പരമേശ്വരനെ മറ്റൊരു രോഗിക്കു വേണ്ടി ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇത്തരം പിഴവാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ജില്ലാശുപത്രി ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
പോലിസ് ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവുണ്ടാക്കിയത്. അന്വേഷിച്ച് നടപടിയെടുക്കാമെന്ന ഡിഎംഒയുടെ ഉറപ്പിലാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായത്. ജില്ലാശുപത്രിയില്‍ അനാഥരായ രോഗികളെ വേണ്ടത്രെ ശ്രദ്ധിക്കുന്നില്ലെന്നും മതിയായ ചികില്‍സയും നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അതേ സമയം, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മരണപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

RELATED STORIES

Share it
Top