ജില്ലാ ആശുപത്രിയില്‍ ഡിഎച്ച്എസിന്റെ മിന്നല്‍പ്പരിശോധനനെടുമങ്ങാട്: പനി പ്രതിരോധം കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെത്തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡിഎച്ച്എസ് മിന്നല്‍ പരിശോധനക്കെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ആകെ നാല് ഡോക്ടര്‍മാര്‍ മാത്രം. ഡെങ്കിപ്പനി അടക്കമുള്ളവ പടര്‍ന്നു പിടിക്കുമ്പോഴാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഈ ഉദാസീനത. ഇന്നലെ രാവിലെ 8.20ഓടെയാണ് ഡിഎച്ച്എസ് ഡോ. സരിത നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയത്. എട്ടിന് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട ആശുപത്രി സൂപ്രണ്ട് അടക്കമുള്ള 25ഓളം ഡോക്ടര്‍മാര്‍ അപ്പോള്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. കാഷ്വാലിറ്റിയിലും പനി ക്ലിനിക്കിലുമടക്കം ആയിരത്തോളം രോഗികള്‍ അപ്പോള്‍ കാത്തു നില്‍ക്കുകയായിരുന്നു. ഒപി ടിക്കറ്റ് നല്‍കുന്നതിന് ചുമതലയുള്ള ജീവനക്കാരും എത്തിയിരുന്നില്ല. ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സിങ് സൂപ്രണ്ടിനൊപ്പം പനി വാര്‍ഡില്‍ എത്തിയപ്പോള്‍ കണ്ടത് ഡെങ്കിപനി ബാധിച്ചവരെ യാതൊരു സുരക്ഷാ ക്രമീകരണവുമൊരുക്കാതെ കിടത്തിയിരുന്നതാണ്. അടിയന്തിരമായ കൊതുകുവല സ്ഥാപിച്ച് അതിനുള്ളില്‍ ഈ രോഗികളെ കിടത്തണമെന്ന നിര്‍ദ്ദേശം നല്‍കുമ്പോഴും അത് കേള്‍ക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ എത്തിയിരുന്നില്ല. അരമണിക്കൂറോളം ആശുപത്രി വാര്‍ഡുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഡിഎച്ച്എസ് മടങ്ങിയത്. ഇതിനിടെ കുറച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തിയിരുന്നു. 62ഓളം ഡോക്ടര്‍മാര്‍ ഡ്യൂട്ടി ചെയ്യേണ്ട ജില്ലാ ആശുപത്രിയില്‍ 30ല്‍ താഴെ ഡോക്ടര്‍മാരാണ് നിലവിലുള്ളത്. അവര്‍ പോലും കൃത്യമായി എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. പനി പടര്‍ന്നു പിടിച്ച് തുടങ്ങിയതോടെ മൂവായിരത്തോളം പേരാണ് ദിവസേന ഇവിടെ ചികില്‍സ തേടി എത്തുന്നത്. ഒപി പരിശോധന വിഭാഗം ഒമ്പതിന് ആരംഭിക്കേണ്ടതാണെങ്കിലും പലപ്പോഴും കൃത്യമായി തുടങ്ങാറില്ലെന്നും  പരാതിയുണ്ട്.

RELATED STORIES

Share it
Top