ജില്ലാ ആശുപത്രിയിലെ ശുദ്ധജല വിതരണ പദ്ധതി അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ പദ്ധതി ഈ വേനലിലും പൂര്‍ത്തിയായില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ പോസ്റ്റുമോര്‍ട്ടത്തിനും ഓപറേഷനും കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജില്ലാ ആശുപത്രി. ഇവിടത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ആരംഭിച്ച പദ്ധതിയുടെ കനാല്‍ നിര്‍മാണത്തെ ചൊല്ലിയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പദ്ധതി പാതിവഴിയില്‍ മുടങ്ങാന്‍ ഇടയാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ പൈപ്പുകള്‍ പദ്ധതിക്കായി വാങ്ങികൂട്ടി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
മൂന്നര കോടിയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയത്. 2013-14 വര്‍ഷത്തിലാണ് ജില്ലാ ആശുപത്രിയില്‍ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതി ആവിഷ്‌കരിച്ചത്. നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെടുന്ന മുട്ടുച്ചിറയില്‍ പുതിയ കിണര്‍ കുഴിച്ച് അതില്‍ നിന്നും വെള്ളം കാരാട്ടുവയല്‍ ഇറിഗേഷന്‍ തോട്ടില്‍ പൈപ്പുകള്‍ സ്ഥാപിച്ച് കാരാട്ടുവയലിലെ കിണറില്‍ എത്തിക്കാനായിരുന്നു പദ്ധതി.
ഇതിനായി ജലസേചന വകുപ്പ് പൈപ്പും വാങ്ങിയിട്ടുണ്ട്. വെള്ളം എത്തിക്കുന്ന രീതിയെച്ചൊല്ലി നാട്ടുകാര്‍ക്കുള്ള ആശങ്ക ദുരീകരിക്കാത്തതാണ് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് തടസ്സം.
നേരത്തെ ശുദ്ധജലം കനാല്‍ വഴിയാണ് കൊണ്ടുപോയതെങ്കില്‍ പുതിയ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകാനാണ് ജലസേചന വകുപ്പ് തീരുമാനിച്ചത്. ഇത് കനാല്‍ വഴി കൊണ്ടുപോകുമ്പോള്‍ പരിസരത്ത് നീരുറവയുണ്ടാകുന്നത്് കൊണ്ട് സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍കാലത്ത് നീരുറവയുണ്ടാകാന്‍ സഹായകമാണെന്നും പൈപ്പ് ലൈന്‍ വഴി വെള്ളം കൊണ്ടുപോയാല്‍ ഇത് നിലയ്ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാരുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് രോഗികളെ കിടത്തി ചികില്‍സിക്കുന്ന ജില്ലാ ആശുത്രിയില്‍ വെള്ളത്തിന് ഇപ്പോള്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. അതിരാവിലെ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ അഴുക്ക് വസ്ത്രങ്ങള്‍ അലക്കാനെത്തുന്നത് കാരാട്ടുവയലിലെ തോട്ടിലേക്കാണ്.
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉള്‍പ്പെടെ സജ്ജമാണെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം യൂനിറ്റ് പ്രവര്‍ത്തിക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷം വേനല്‍കാലത്ത് ആശുപത്രിയുടെ ഓപറേഷന്‍ തിയേറ്റര്‍ വെള്ളമില്ലാത്തതിനാല്‍ ഏതാനും ദിവസങ്ങള്‍ അടച്ചിടേണ്ടിവന്നിരുന്നു. മൃതദേഹം കുളിപ്പിക്കാന്‍ കുപ്പിവെള്ളം വാങ്ങി ബന്ധുക്കളെത്തിയ സ്ഥിതിയും ഉണ്ടായിട്ടുണ്ട്. എന്നിട്ടും മൂന്ന് വര്‍ഷം മുമ്പ് രൂപം നല്‍കിയ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് ജില്ലാ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടേയും അനാസ്ഥമൂലമാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ പൈപ്പ് ലൈന്‍ ഇടുന്നത് നാട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു.
എന്നാല്‍ ചര്‍ച്ച നടത്തി ഇത് പരിഹരിക്കാന്‍ ഒരു വര്‍ഷമായിട്ടും സാധിച്ചിട്ടില്ല. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നേതൃത്വമേറ്റെടുത്ത് നാട്ടുകാരുമായി ചര്‍ച്ച നടത്തി പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും ആവശ്യം.

RELATED STORIES

Share it
Top