ജില്ലാ ആശുപത്രിയിലെ ഫ്രീസര്‍ തകരാറിലായിട്ട് അഞ്ചു മാസം

തൊടുപുഴ: മൃതദേഹം സൂക്ഷിക്കാനാവശ്യമായ സംവിധാനങ്ങളുള്ള ഫ്രീസര്‍ തകരാറിലായിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലാണ് ഈ അവസ്ഥ. ദിവസവും രണ്ടുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇവിടുത്തെ മോര്‍ച്ചറിയില്‍ ഫ്രീസറില്ലാതായതോടെ വന്‍തുക നല്‍കി സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കേണ്ട ഗതികേടിലാണ് നിര്‍ധന കുടുംബങ്ങള്‍.
ഇതിനായി 3000 രൂപ മുതലാണ് വിവിധ ആശുപത്രികള്‍ ഈടാക്കുന്നത്. മരണം വൈകി സ്ഥിരീകരിക്കുന്ന കേസുകളില്‍ അന്ന് പോസ്റ്റുമോര്‍ട്ടം നടക്കാറില്ല. ഇത്തരത്തില്‍ വരുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനാണ് അധിക പണം നല്‍കി സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നത്. സമീപത്ത് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്ലാത്തതും തിരിച്ചടിയാണ്.
രണ്ട് വര്‍ഷം മുമ്പാണ് താലൂക്ക് ആശുപത്രിയായിരുന്ന ഈ ആശുപത്രി ജില്ലാ ആശുപത്രി ആക്കി ഉയര്‍ത്തിയത്. ആവശ്യം വേണ്ട സൗകര്യങ്ങള്‍ എല്ലാ ഉണ്ടെന്ന് പറയുമ്പോഴും കുടിവെള്ളം അടക്കം നിരവധി കാര്യങ്ങളില്‍ ആശുപത്രി ഇന്നും പിന്നിലാണ്. നിലവില്‍ രണ്ട് കമ്പാര്‍ട്ടുമെന്റുകളുള്ള ഫ്രീസറാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനുപകരം പുതിയത് വാങ്ങുന്നതായി ശ്രമം നടക്കുന്നുണ്ടെങ്കിലും തീരുമാനം ആയിട്ടില്ല.
ആദ്യം ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇത്തരത്തില്‍ ഫണ്ട് നല്‍കാന്‍ വകുപ്പില്ലെന്ന് പറഞ്ഞ് ബജറ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് പി ജെ ജോസഫ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയത്. നാല് കമ്പാര്‍ട്ട്‌മെന്റുള്ള ഫ്രീസര്‍ സ്ഥാപിക്കാനാണ് നീക്കമെങ്കിലും തുടര്‍ നടപടികള്‍ ഇഴയുകയാണ്.
പൊതുമരാമത്ത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഇതിന്റെ ക്വട്ടേഷന്‍ എത്തിയതായും ഇവിടെ നിന്നുള്ള കാലതാമസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. എത്രയും വേഗം പുതിയ ഫ്രീസര്‍ സംവിധാനം സ്ഥാപിക്കാനാകുമെന്നാണ് കരുതുന്നതെന്ന്ും ആശുപത്രി സൂപ്രണ്ട് പറയുന്നു. കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിക്കുന്നതായി പറഞ്ഞ്  മൃതദേഹം മോര്‍ച്ചറിയില്‍ വെയ്ക്കാനാവില്ലെന്നറിയിച്ച സ്വകാര്യ ആശുപത്രികളുടെ നടപടി വിവാദമായിരുന്നു. രണ്ട് ദിവസം മുമ്പ് അഞ്ചിരിയില്‍ നിന്നു കാണാതായ വള്ളിയാനിപ്പുറത്ത് വര്‍ഗീസിന്റെ (72) മൃതദേഹമാണ് ഞായറാഴ്ച വൈകിട്ട് കുടയത്തൂര്‍ പരപ്പുംകര ഭാഗത്ത് മലങ്കര ജലാശയത്തില്‍ കണ്ടെത്തിയത്.മുട്ടം പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഇവിടെ മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം കേടായതിനാല്‍ മൃതദേഹവുമായി പോലിസ് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തി. എന്നാല്‍ ദുര്‍ഗന്ധം വമിക്കുന്നതായി ചൂണ്ടിക്കാട്ടി മൃതദഹം സൂക്ഷിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top